മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലെ എൻഐഎ പരിശോധന പൂർത്തിയായി

ഹൈദരാബാദിൽ നിന്നും കൊച്ചിയിൽ നിന്നുമുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലെ എൻഐഎ പരിശോധന പൂർത്തിയായി
Published on


കൊച്ചിയിൽ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിലെ പരിശോധന പൂർത്തിയായി എൻഐഎ സംഘം മടങ്ങി. ഇന്ന് രാവിലെയാണ് മുരളിയുടെ തേവയ്ക്കലിലെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയത്. എട്ട് പേർ അടങ്ങുന്ന എൻഐഎ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. തെലങ്കാനയിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.

ഹൈദരാബാദിൽ നിന്നും കൊച്ചിയിൽ നിന്നുമുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. എൻഐഎയുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. പൂട്ട് പൊളിച്ചാണ് സംഘം വീടിനുള്ളിൽ പരിശോധന നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകൻ എത്തിയിട്ട് തുറക്കാമെന്ന നിലപാടിലായിരുന്നു മുരളി. തുടർന്നാണ് ഉദ്യോ​ഗസ്ഥർ വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. ഹൃദ്രോഗിയായ മുരളി മകനോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്.

റെയ്ഡിന് ശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേന രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ആളാണ് മുരളി കണ്ണമ്പള്ളി. 2019ലാണ് മുരളി ജയിൽ മോചിതനാകുന്നത്. ബോംബെ ഹൈക്കോടതിയാണ് ജാമ്യം നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com