6, 6, 6, 6, 4; ഇത് ക്രിക്കറ്റിൻ്റെ തൃശൂർ പൂരം!

അന്താരാഷ്ട്ര ക്രിക്കറ്റിലായാലും പ്രൊഫഷണൽ ക്രിക്കറ്റിലായാലും നിക്കോളാസ് പൂരന് അതെല്ലാം തൃശൂർ പൂരമാണ്.
6, 6, 6, 6, 4; ഇത് ക്രിക്കറ്റിൻ്റെ തൃശൂർ പൂരം!
Published on


ടി20 ക്രിക്കറ്റിൽ സമകാലിക ക്രിക്കറ്റർമാരിൽ ഏറ്റവും മികച്ച സിക്സറടി വീരനാരെന്ന ചോദ്യത്തിന് മറുപടി... അങ്ങനൊരു ചോദ്യത്തിനേ പ്രസക്തിയില്ലെന്നാണ്. സമീപകാലത്ത് അത്തരത്തിലാണ് കരീബിയൻ കാട്ടുകുതിരയായ നിക്കൊളാസ് പൂരൻ്റെ വണ്ടർ പ്രകടനങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിലായാലും പ്രൊഫഷണൽ ക്രിക്കറ്റിലായാലും നിക്കോളാസ് പൂരന് അതെല്ലാം തൃശൂർപൂരമാണ്.



ഇക്കഴിഞ്ഞ ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് താരമായ പൂരൻ ഒരോവറിൽ പറത്തിയത് നാല് സിക്സറുകളും ഒരു ഫോറുമാണ്. ഈ ഓവറിൽ പിറന്നത് 28 റൺസ്. ദക്ഷിണാഫ്രിക്കൻ താരമായ ട്രിസ്റ്റൺ സ്റ്റബ്സ് എറിഞ്ഞ 15ാം ഓവറിലാണ് പൂരൻ ഈ കടുംവെട്ട് നടത്തിയത്. 30 പന്തിൽ നിന്ന് 75 റൺസ് വാരിയ നിക്കൊളാസ് പൂരൻ്റെ വെടിക്കെട്ട് ഇന്നിങ്സിൽ, 60 റൺസും സ്പിന്നർമാരെ നേരിട്ടായിരുന്നു. സ്പിന്നർമാർ എറിഞ്ഞ 18 പന്തുകളിൽ നിന്നാണ് വിൻഡീസ് താരം 60 റൺസ് വാരിയത്.



അതേസമയം, നിക്കൊളാസ് പൂരൻ പേസ് ബൗളിങ്ങിനെ ബഹുമാനിക്കുന്നതും കാണാനായി. പേസർമാരുടെ 12 പന്തുകളിൽ നിന്ന് 15 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഒടുവിൽ മിച്ചെൽ സ്റ്റാർക്കിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് പുറത്തായത്.

ടി20 ഫോർമാറ്റിലാകെ 29.05 ശരാശരിയിൽ 8,717 റൺസാണ് നിക്കൊളാസ് പൂരൻ്റെ സമ്പാദ്യം. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 148.95 ആണ്. പൂരൻ ഇതുവരെ 52 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും നേടിയിട്ടുണ്ട്. ആകെ ടി20 റൺസിൽ 1,844 പിറന്നത് ഐപിഎല്ലിലാണ്. 32.92 ആവറേജിൽ സ്ട്രൈക്ക് റേറ്റ് 164ന് മുകളിലാണ്.

നിലവിൽ ഐപിഎല്ലിൽ LSGക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ കളിക്കാരനായും പൂരൻ മാറിയിട്ടുണ്ട്. 44.38 ശരാശരിയിൽ 932 റൺസാണ് ഇതുവരെ LSGക്കായി സമ്പാദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com