EXCLUSIVE | സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; അനധികൃത ബോട്ടിങ് തുടർന്ന് നിള ബോട്ട് ക്ലബ്

റവന്യു, കൃഷി, ഇറിഗേഷൻ വകുപ്പുകൾ പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു
EXCLUSIVE | സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; അനധികൃത ബോട്ടിങ് തുടർന്ന് നിള ബോട്ട് ക്ലബ്
Published on

തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് നിള ബോട്ട് ക്ലബ്. വിവിധ വകുപ്പുകൾ അനുമതി നിഷേധിച്ചിട്ടും ഭാരതപ്പുഴയിൽ അനധികൃത ബോട്ടിങ് തുടരുകയാണ്. റവന്യു, കൃഷി, ഇറിഗേഷൻ വകുപ്പുകൾ പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവിലയാണ് അധികൃതർ നൽകുന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.



സിപിഐഎമ്മിൻ്റെ വള്ളത്തോൾ നഗർ ഏരിയാ കമ്മിറ്റി ഏതാണ്ട് പൂർണമായും പിന്തുണയ്ക്കുന്നവെന്നാണ് ലഭ്യമാകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി മനസിലാകുന്നത്. സിപിഐഎമ്മാണ് വള്ളത്തോൾ നഗർ പഞ്ചായത്ത് ഭരിക്കുന്നത്. പാർട്ടിയുടെ ഏരിയാ കമ്മിറ്റി അംഗമാണ് പഞ്ചായത്ത് പ്രസിഡൻ്റ്. അനധികൃത നടത്തിപ്പോ, നിയമലംഘനമോ ഇല്ലെന്നാണ് പാർട്ടി പ്രവർത്തകർ അറിയിക്കുന്നത്. ഈ വിഷയവുമായി വാർത്ത ചെയ്യുന്നതിന് മാധ്യമപ്രവർത്തരെ വിലക്കിയെന്നും പണം ഓഫർ ചെയ്തുവെന്നും, ന്യൂസ് മലയാളം റിപ്പോർട്ടർ ലെവിൻ കെ.വിജയൻ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശബ്ദമുയർത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.



പാലക്കാട് ഷൊർണ്ണൂർ നഗരസഭയുടെയും തൃശൂർ വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും അതിർത്തിയിൽ ഭാരതപ്പുഴ കയ്യേറിയും നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തിയുമാണ് നിള ബോട്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നത്. പാഞ്ഞാൾ സ്വദേശി ശിവശങ്കരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ബോട്ട് ക്ലബിനായി രണ്ട് എക്കർ 27 സെന്റ് നെല്ല് വയലും റവന്യൂ പുറമ്പോക്ക് തോടും നികത്തിയെടുത്തു.ഭാരതപ്പുഴ കൈയ്യേറി നിർമിച്ച ഹോട്ടലിനും കുട്ടികളുടെ പാർക്കിനും പഞ്ചായത്തിന്റെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയില്ല. പുഴ കയ്യേറി ജെണ്ട കെട്ടി തിരിച്ചതിനാണ് അനധികൃത ബോട്ട് സർവീസിന് ഇറിഗേഷൻ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്.



വള്ളത്തോൾ നഗർ പഞ്ചായത്ത് അധികൃതരുടെ അറിവോടെ നടക്കുന്ന അനധികൃത നിലം നികത്തിലിനും ബോട്ട് ക്ലബ് പ്രവർത്തനത്തിനും വില്ലേജ് ഓഫീസർ രണ്ട് വട്ടമാണ് സ്റ്റോപ്പ് മെമോ നൽകിയത്. കൃഷി വകുപ്പ് അന്വേഷണം നടത്തി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചതായി കണ്ടെത്തി.

നിലവിൽ താൽക്കാലിക കെട്ടിടം നിർമിച്ച് ബോട്ട് ക്ലബെന്ന പേരിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇവിടെ റിസോർട്ട് നിർമാണമാണ് നടക്കുന്നതെന്ന് ജനപ്രതിനികളും പരിസ്ഥിതി പ്രവർത്തകരും ആരോപിച്ചിരുന്നു. ബോട്ട് ക്ലബിന് അനുമതി നൽകാനാവില്ലെന്ന് പറഞ്ഞു കൊണ്ട് വള്ളത്തോൾ നഗർ പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നൽകിയിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ബോട്ട് സർവീസ് നടത്തിയതിനെതിരെ നിള ബോട്ട് ക്ലബിനെതിരെ പൊലീസ് കേസെടുത്തിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com