ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം; പി.വി. അൻവർ എംഎല്‍എ അറസ്റ്റില്‍

നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്
ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം; പി.വി. അൻവർ എംഎല്‍എ അറസ്റ്റില്‍
Published on

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ പി.വി. അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ ഡിവൈഎസ്പി ആർ. ബാലചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്‍വറിനെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ അറസ്റ്റിന് അനുമതി നൽകിയതോടെയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം അൻവറിനെ ഇന്ന് തന്നെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കാനാണ് നീക്കം. 

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ നേതൃത്വത്തിൽ 40ഓളം വരുന്ന പ്രവ‍ർത്തകർ അന്യായമായി സംഘം ചേർന്നുവെന്നും അതില്‍ ചിലർ നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതായുമാണ് എഫ്ഐആറിൽ പറയുന്നത്. 10 ഓളം വരുന്ന ഡിഎംകെ പ്രവർത്തകർ നേ‍ാർത്ത് ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്നും തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റുകയും ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ഓഫീസിന്റെ ഫാബ്രിക്കേഷൻ ഡോ‍ർ ചവിട്ടി പൊളിച്ചും അവിടെയുണ്ടായിരുന്ന ക്ലോക്കും, ട്യൂബ് ലൈറ്റ്, കസേരകളും മേശയും ഓഫീസ് റൂമിന്റെ വാതിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ചും നാശനഷ്ടങ്ങൾ വരുത്തിയെന്നുമാണ് പരാതി.

പി.വി. അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. അന്‍വറാണ് കേസില്‍ ഒന്നാം പ്രതി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിങ്ങനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. അന്‍വർ പ്രസംഗിച്ച് പോയ ശേഷം  ഓഫീസിനുള്ളിലേക്ക്  അതിക്രമിച്ച കടന്ന പ്രവർത്തകർ ജനൽ ചില്ലുകൾ, കസേര എന്നിവ അടിച്ചു തകർത്തു. പാർട്ടിക്കാർ ഓഫീസിന്റെ പൂട്ടും അടിച്ചു തകർത്തു. ഡിഎഫ്ഒ ഓഫീസിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. വന്യമൃഗ ആക്രമണത്തിൽ നിന്നും സുരക്ഷ നൽകുന്നതിൽ വനംവകുപ്പ് വലിയ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു ഉപരോധം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com