കടുവാ ദൗത്യത്തിനിടെ നിലമ്പൂർ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം; കെ. ധനിക് ലാലിനെ മാറ്റിയത് തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്ക്

എസിഎഫ് കെ. രാകേഷിനാണ് പകരം ചുമതല നൽകിയത്
കടുവാ ദൗത്യത്തിനിടെ നിലമ്പൂർ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം; കെ. ധനിക് ലാലിനെ മാറ്റിയത് തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്ക്
Published on

മലപ്പുറം കാളികാവിൽ നരഭോജി കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതിനിടെ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ കെ. ധനിക് ലാലിന് സ്ഥലം മാറ്റം. തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്. എസിഎഫ് കെ. രാകേഷിനാണ് പകരം ചുമതല നൽകിയത്.

അതേസമയം, 20 അംഗ മൂന്ന് ആർആർടി സംഘം കാളികാവിൽ കടുവയ്ക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വെച്ച കൂട് പരിശോധിച്ചതിൽ നിന്ന് സാന്നിധ്യം കണ്ടെത്താനായില്ല. ക്യാമറകളിൽ പരിശോധന നടത്തി വരുന്നുണ്ട്. ഇതുവരെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മാപ്പിംഗ് തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.

നിലവിൽ കടുവയുടെ സാന്നിധ്യം എവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ നേരത്തെ അറിയിച്ചിരുന്നു. 50 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, അവയിൽ ദൃശ്യം പതിഞ്ഞോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കൂടുകൾ സ്ഥാപിച്ചിടത്തും കടുവയുടെ സാന്നിധ്യം ഇല്ല. കടുവയുടെ സാന്നിധ്യം ഉറപ്പിച്ച ശേഷമേ കുങ്കിയാനകളെ കൊണ്ടുപോകൂ. ഇന്നും 60 അംഗസംഘം തന്നെയാണ് തിരച്ചിൽ നടത്തുന്നതെന്നും ധനിക് ലാൽ അറിയിച്ചിരുന്നു.

മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെയാണ് റബ്ബർ ടാപ്പിങ്ങിനിടെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്. ​കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ​ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരുന്നത്. ഗഫൂറിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും ഡിഎഫ്ഒ ധനിക് ലാല്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com