നീലേശ്വരം വെടിക്കെട്ടപകടം: പരിക്കേറ്റവർക്കായുള്ള ചികിത്സാസഹായം വൈകുന്നു

മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായമായി നൽകാനും പൊള്ളലേറ്റവരുടെ ചികിത്സാ ചിലവേറ്റെടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു
നീലേശ്വരം വെടിക്കെട്ടപകടം: പരിക്കേറ്റവർക്കായുള്ള ചികിത്സാസഹായം വൈകുന്നു
Published on

നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്കുള്ള ചികിത്സാ സഹായം വൈകുന്നു. ലക്ഷങ്ങളാണ് വിവിധ ആശുപത്രികൾക്കായി സർക്കാർ നൽകാനുള്ളത്. പണം ലഭിക്കാതായതോടെ തുടർ ചികിത്സയും മുടങ്ങുന്ന അവസ്ഥയാണ്.


2024 ഒക്ടോബർ 28 ന് രാത്രിയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വരർ കാവിൽ കളിയാട്ടത്തിനിടെ പടക്കം പൊട്ടി 6 പേർ മരിക്കുകയും 200ലേറെ പേർക്ക് പൊള്ളലേൽക്കുകയും ചെയ്തത്. ചിലർക്ക് 2 മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവന്നിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായമായി നൽകാനും പൊള്ളലേറ്റവരുടെ ചികിത്സാ ചിലവേറ്റെടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഈ തുക നൽകുകയും ചെയ്തു. എന്നാൽ പിന്നീട് തുടർ ചികിത്സയ്ക്കുള്ള പണം നൽകിയിട്ടില്ല. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിൽ ആളുകൾ ചികിത്സ തേടിയിരുന്നെങ്കിൽ കൂടുതൽ പേരെ പ്രവേശിപ്പിച്ചത് മംഗലാപുരത്താണ്. ഇവിടങ്ങളിലെ ആശുപത്രികൾക്ക് ലക്ഷങ്ങളാണ് ഇപ്പോഴും ലഭിക്കാനുള്ളത്


ഗുരുതരമായി പൊള്ളലേറ്റവർക്ക് 6 മാസത്തോളം തുടർചികിത്സ വേണമെന്ന് കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് പരിഗണിച്ചില്ല. ഒപ്പം അന്ന് സർവ്വീസ് നടത്തിയ ആംബുലൻസ് ഡ്രൈവർമാർക്കുള്ള തുകയും സർക്കാർ നൽകിയിട്ടില്ല. അടിയന്തരമായി സർക്കാർ പണം അനുവധിച്ചില്ലെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന അൻപതിലേറെ പേർക്ക് തുടർചികിത്സ ലഭിക്കാതാകുന്ന അവസ്ഥയാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com