
ബിഹാറിലെ ഹാജിപൂർ ജില്ലയിലെ ഗ്രാമത്തിൽ ഒൻപത് കൻവാർ തീർത്ഥാടകർ ഷോക്കേറ്റ് മരിച്ചു. ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവർ ഹാജിപൂരിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷന് പരിധിയിലെ സുൽത്താൻപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .
സോനെപൂരിലെ ഹരിഹർനാഥ് ക്ഷേത്രത്തിൽ അർപ്പിക്കാനുള്ള പുണ്യജലം എടുക്കുന്നതിനായി പുറപ്പെട്ട കൻവാർ തീർത്ഥാടകർ സഞ്ചരിച്ച ഡിജെ വാഹനം ഹൈ ടെൻഷൻ വയർ ഉള്ള പ്രദേശങ്ങളിലൂടെ കടന്നുപായപ്പോഴാണ് അപകടം സംഭവിച്ചത്. ഡിജെ വാഹനം ഹൈ ടെൻഷൻ കമ്പിയിൽ തട്ടുകയായിരുന്നു. മരിച്ചവർ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് ലഭ്യമാകുന്ന വിവരം.
ഡിജെ വാഹനം ഹൈ ടെൻഷൻ വയർ ഉള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് ആവശ്യമായ സൗകര്യം ലഭ്യമാക്കാത്ത വൈദ്യുതി വകുപ്പിനെതിരെ നാട്ടുകാർ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഹാജിപൂർ സദറിലെ സബ് ഡിവിഷണൽ ഓഫീസർ രാംബാബു ബൈത്ത പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുന്നതുവരെ പ്രകോപിതരായ നാട്ടുകാർ ഹാജിപൂർ-ജൻദാഹ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു.