സാരി കഴുത്തില്‍ ചുറ്റി കൊലപാതകം; 13 മാസത്തിനിടെ 9 സ്ത്രീകളെ കൊന്ന പ്രതി ഒടുവില്‍ പിടിയില്‍

ബറേലിയില്‍ താമസിക്കുന്ന കുൽദീപ് എന്നയാളാണ് 45 മുതൽ 65 വയസ്സിനടയിൽ പ്രായമുള്ള സ്ത്രീകളെ കൊലപ്പെടുത്തിയത്.
പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രം
പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രം
Published on

ഒൻപത് സ്ത്രീകളെ സമാനമായ രീതിയിൽ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഒടുവിൽ പിടിയിൽ. ഉത്തർപ്രദേശിലെ ബറേലിയിലുള്ള  ബക്ർഗഞ്ചിലെ കുൽദീപ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 45 നും 65 നും ഇടയിൽ പ്രായമുള്ള ഒൻപത് സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഷീഷ്‌ഗഢ്, ഷെർഗഡ്, ഷാഹി എന്നീ സ്ഥലങ്ങളിലുള്ള സ്ത്രീകളാണ് ഇയാളുടെ ഇരകളായത്. 

പ്രദേശങ്ങളിലെ കരിമ്പിൻ തോട്ടങ്ങളിൽ വസ്ത്രം നീക്കം ചെയ്ത നിലയിലാണ് മൃതദേഹങ്ങളെല്ലാം കണ്ടെത്തിയത്. എന്നാൽ, ശരീരത്തിൽ പീഡനത്തിൻ്റെയോ, ലൈംഗികമായി ഉപദ്രവിച്ചതിന്റെയോ തെളിവുകളൊന്നും ഇല്ല. കണ്ടെത്തിയ മൃതദേഹങ്ങളിലെല്ലാം ഇരകളുടെ തന്നെ സാരി കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലുമായിരുന്നു.

ഷീഷ്‌ഗഢ്, ഷാഹി പ്രദേശങ്ങളിൽ കൊല്ലപ്പെട്ട നാല് സ്ത്രീകളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആധാർ കാർഡുകൾ എന്നിവ കുൽദീപിൻ്റെ കൈവശം പൊലീസ് കണ്ടെടുത്തു. കൊലപാതകിയെ കണ്ടെത്താനായി 22 ടീമുകളായി തിരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. കുൽദീപിൻ്റെ നീക്കങ്ങൾ കണ്ടെത്താൻ 1500 ഓളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഏകദേശം 25 കിലോമീറ്റർ ചുറ്റളവിൽ, പോലീസ് തുടർച്ചയായി പട്രോളിങ്ങ് നടത്തിയിരുന്നു. പിന്നീട്, കേസന്വേഷണത്തിൽ ലഭിച്ച വിവരമനുസരിച്ച് പ്രതിയുടെ രേഖാചിത്രവും പുറത്തുവിട്ടു. 

പോലീസ് പറയുന്നതനുസരിച്ച്, കുൽദീപിന്റെ അമ്മ ജീവിച്ചിരിക്കെ അച്ഛൻ ബാബുറാം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും, രണ്ടാം ഭാര്യയുടെ നിർദേശപ്രകാരം കുൽദീപിൻ്റെ അമ്മയെ മർദിക്കുകയും ചെയ്തിരുന്നു. കുടുംബത്തിലെ ഇത്തരത്തിലുള്ള നിരന്തരമായ വഴക്ക് കുൽദീപിനെ നിരാശനാക്കിയിരുന്നു. കുൽദീപിന്റെ വിവാഹ ജീവിതവും  ഇയാളുടെ മോശം സ്വഭാവം കാരണം തകരുകയും ഭാര്യ ഉപേക്ഷിക്കുകയും ചെയ്തു.

സ്ഥിരം മദ്യപാനിയായി മാറിയ കുൽദീപ് , സ്ത്രീകളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു വർഷ കാലയളവിൽ 9 സ്ത്രീകളെയാണ് കുൽദീപ് കൊലപ്പെടുത്തിയത്. അഞ്ച് മാസത്തെ നീണ്ട അന്വേഷങ്ങൾക്കും തെരച്ചിലിനും ഒടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com