
ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. നാവിക സേന സ്ഥലത്തെത്തി. അൽപ്പസമയത്തിനകം നേവി പുഴയിൽ ഇറങ്ങി പരിശോധിക്കും. മോട്ടോർ ബോട്ടുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
പുഴയിൽ നിന്ന് മണ്ണ് നീക്കി പരിശോധന ഇന്നും ആരംഭിക്കുമെന്നാണ് രക്ഷാസൈന്യം അറിയിച്ചിട്ടുള്ളത്. റഡാർ, സോണാർ സിഗ്നൽ ലഭിച്ച മേഖലയിൽ സൈന്യം ഇന്ന് വിശദമായ പരിശോധന നടത്തും.
കര, സൈനിക സേനകൾ സംയുക്തമായാണ് തെരച്ചിൽ നടത്തുക. നദിക്കരയിൽ നിന്ന് 40 മീറ്റർ മാറി സോണാർ സിഗ്നൽ ലഭിച്ചിരുന്നു. ഇത് ലോറിയുടേയോ അല്ലെങ്കിൽ ടവറിൻ്റെയോ ആണെന്നാണ് കരുതപ്പെടുന്നത്. ഇത് തെരച്ചിൽ സേനയ്ക്കും നാടിനും പ്രതീക്ഷ നൽകുന്നതാണ്. മുൻ സൈനിക ഉദ്യോഗസ്ഥനായ എം ഇന്ദ്രബാലനും രക്ഷാ ദൗത്യത്തിൻ്റെ ഭാഗമാകും. കൂടാതെ പുഴയിൽ ആഴത്തിലുള്ള പരിശോധന നടത്താനുള്ള നൂതന ഉപകരണങ്ങളും സ്ഥലത്തെത്തിക്കും.
ഷിരൂർ സംഭവം ഗൗരവതരമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് കർണാടക ഇന്ന് നൽകണമെന്ന അറിയിച്ചു. ഇതുവരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി കേന്ദ്രം കഴിഞ്ഞ ദിവസം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹൈക്കോടതി കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കും.