
മലപ്പുറം സ്വദേശിയായ 24കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. നിപയെ പ്രതിരോധിക്കാനായി രോഗം സ്ഥിരീകരിച്ച തിരുവാലി ഗ്രാമ പഞ്ചായത്തിലും, മലപ്പുറം ജില്ലയില്‍ പൊതുവായും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ 4,5,6,7 എന്നീ വാർഡുകളിലും, മമ്പാട് ഗ്രാമ പഞ്ചായത്തിലെ 7ാം വാർഡിലുമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഐസിഎംആർ സംഘത്തിന്‍റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തി രോഗവ്യാപനം തടയുന്നതിലും, നിയന്ത്രണ നടപടികളിലും, ചികിത്സയിലും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങള്‍ നടത്താനാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.
തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ നിയന്ത്രണം
1. പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.
2. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. (പാൽ, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതൽ പ്രവർത്തിക്കാവുന്നതാണ്). മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
3. സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുവാൻ പാടുള്ളതല്ല.
4. സ്കൂളുകൾ, കോളേജുകൾ, മദ്രസ്സുകൾ അംഗനവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.
Also Read: ഇന്ന് പനി സർവേ, നിപ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ്; കോഴിക്കോട് മെഡിക്കൽ കോളേജില്‍ മുൻകരുതലുകൾ ശക്തമാക്കി
മലപ്പുറം ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ
1. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
2. പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
3. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവൃത്തി സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
4. കല്യാണം/ മരണം/ മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി കുറക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
5. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഉടനെ ഡോക്ടറുടെ സഹായം തേടേണ്ടതുമാണ്.
6. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
7. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും, ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483- 2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.
ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസുണ്ടോയെന്ന സംശയം ഉയർന്നത്. തുടർന്ന്, പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച സ്രവ പരിശോധന ഫലം കൂടി പോസിറ്റീവായപ്പോഴാണ് നിപ സ്ഥിരീകരിച്ചത്. ഇതുവരെ 151 പേരാണ് യുവാവിന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പനി സർവേ നടത്തും. നിപ ബാധിച്ച് മരിച്ച യുവാവിന്‍റെ വിശദമായ റൂട്ട് മാപ്പും ഇന്ന് പ്രസിദ്ധീകരിക്കും.