നിപാ വൈറസ്: സമ്പർക്കപട്ടികയിലുണ്ടായിരുന്ന ഏഴ് പേരുടെയും പരിശോധന ഫലം നെഗറ്റീവ്

നാളെ മാത്രമെ രോഗഉറവിടം സംബന്ധിച്ച് വ്യക്തത വരുകയുള്ളെന്നും മന്ത്രി വീണാ ജോർജ്
നിപാ വൈറസ്: സമ്പർക്കപട്ടികയിലുണ്ടായിരുന്ന ഏഴ് പേരുടെയും പരിശോധന ഫലം നെഗറ്റീവ്
Published on

സംസ്ഥാനത്ത് നിപ ബാധിച്ച കുട്ടിയുടെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന ഏഴ് പേരുടെയും സാമ്പിൾ പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഏഴ് പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ആകെ 330 ആളുകൾ സമ്പർക്കപ്പട്ടികയിലുണ്ട്. നാളെ മാത്രമെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തത വരുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് നിപ രോഗ ലക്ഷണത്തോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 68 കാരൻ്റെ സാമ്പിൾ  പരിശോധന ഫലവും നെഗറ്റീവാണ്. കുട്ടിയുടെ റൂട്ട് മാപ്പ് പ്രകാരം എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തിയതായി വീണാ ജോർജ് അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ള 101 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. 68 ആരോഗ്യപ്രവർത്തകർക്കും കുട്ടിയുമായി സമ്പർക്കമുണ്ട്. നേരിട്ട് സമ്പർക്കമുള്ളവരെയെല്ലാം ഐപി വാർഡിൽ പ്രവേശിപ്പിച്ചു. ഇവരെ 14 ദിവസം കൂടി നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വളരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. മുഴുവൻ ആശുപത്രികളുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും സമ്പർക്ക പട്ടികയിൽ ആരെങ്കിലും വിട്ടു പോയിട്ടുണ്ടോ എന്ന് ഉറപ്പാക്കുമെന്നും വീണാ ജോർജ് അറിയിച്ചു. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ വിവിധ വീടുകളിലായി 18 പേർക്കും ആനക്കയത്ത് 10 പേർക്കും പനിയുണ്ട്.

അതേസമയം മഞ്ചേരിയിൽ രണ്ട് പഞ്ചായത്തുകളിലുമായി മൂന്ന് സ്കൂളുകളിൽ പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കുകയാണ്. ഇവിടെ ആൾക്കൂട്ടം ഒഴിവാക്കി നിപ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ ഒരുക്കും. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ അലോട്ട്മെൻ്റിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com