നിപ വൈറസ്: മരിച്ച കുട്ടിയുടെ മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചു

മലപ്പുറം സ്വദേശിയായ 68 വയസുകാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്
നിപ വൈറസ്: മരിച്ച കുട്ടിയുടെ മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചു
Published on

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അവിടെ നിന്നും എംബാം ചെയ്ത് കുട്ടിയുടെ വീട്ടുകാരുടെ നിർദ്ദേശപ്രകാരം മലപ്പുറത്തേക്ക് കൊണ്ടുപോകും. സംസ്കാരം സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ, ബന്ധുക്കളുടെ അനുവാദപ്രകാരം എവിടെയാണ് സംസ്കാരം വേണ്ടതെന്ന് തീരുമാനിക്കും.

ALSO READ : മരണകാരണം ഹൃദയസ്തംഭനം, കുടുംബവുമായി ആലോചിച്ച് സംസ്കാരം നടത്തും: നിപ മരണത്തിൽ വീണ ജോർജ്ജ്

ഇന്നലെയാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ 14 കാരന് നിപ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. ഞായറാഴ്ച ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ മരണം ഔദ്യോ​ഗികമായി ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് സ്ഥിരീകരിച്ചിരുന്നു. രാവിലെ 10.50നുണ്ടായ ഹൃദയ സ്തംഭനമായിരുന്നു മരണകാരണം. 11.30 യോടെയായിരുന്നു മരണം സംഭവിച്ചത്. രണ്ട് പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് സംബന്ധിച്ച് വൈകിട്ടോടെ തീരുമാനം എടുക്കുമെന്നും വീണ ജോർജ്ജ് പറഞ്ഞു. മലപ്പുറത്തെ നിപ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പർക്ക പട്ടികയിലുള്ളത് 246 പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

ALSO READ : നിപ രോഗ ലക്ഷണങ്ങള്‍; ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

അതേസമയം, രോഗലക്ഷണങ്ങളോടെ ഒരാൾ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മലപ്പുറം സ്വദേശിയായ 68 വയസുകാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉത്തരവിറക്കിയിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com