നിപ വൈറസ്; സ്വീകരിക്കേണ്ട മുൻകരുതലുകൾ!

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന വൈറസാണ് നിപ
Nipah Virus
Nipah Virus
Published on

മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിപയുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി ആരോഗ്യവകുപ്പ്. നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസൊലേഷനായി 30 മുറികൾ ഒരുക്കിയിട്ടുണ്ട്. അതേസമയം,കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരും ഐസൊലേഷനിൽ കഴിയേണ്ടിവരും. ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. 24 മണിക്കൂർ കൺട്രോൾ റൂമും ജില്ലയിൽ തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2732010.

2018 മെയ് 17 നാണു ആദ്യമായി കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ചത്. പിന്നീട്, 2018 മുതല്‍ 2023 വരെയുള്ള കാലയളവിൽ 4 തവണയാണ് നിപ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ 'പാരാമിക്സോ വൈറിഡേ' ഫാമിലിയിൽ പെട്ടതാണ്. ആര്‍.എന്‍.എ. വൈറസ് ആണിത്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആയിരിക്കും ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യത. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് 4 മുതല്‍ 14 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ്. രോഗബാധ ഉണ്ടായാലും ഇത്രയും ദിവസങ്ങള്‍ വേണം ലക്ഷണങ്ങള്‍ വ്യക്തമാകാന്‍. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമയിലേക്കെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും സാധ്യതയുണ്ട്. വൈറസ് ശ്വാസ കോശത്തേയും ബാധിച്ചേക്കാം. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

മുന്‍കരുതലുകള്‍:

അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ പ്രതിരോധമാണ് ഏറ്റവും പ്രധാനം. രോഗം പകരാതിരിക്കാന്‍ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്.

വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

രോഗം പകരാതിരിക്കാന്‍ കൃത്യമായി മാസ്‌ക് ഉപയോഗിക്കുക,

സാമൂഹിക അകലം പാലിക്കുക

ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് സമയം നന്നായി കഴുകുക

ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം

രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com