
നിപ പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. ഇതിനിടയിൽ നിപയുടെ ജീവിക്കുന്ന രക്തസാക്ഷിയുണ്ട് കോഴിക്കോട്. 'നിപ എൻസിഫലൈറ്റിസ്' ബാധിച്ച് എട്ട് മാസക്കാലമായി കോമയിൽ കിടക്കുകയാണ് 24 വയസുകാരൻ ടിറ്റോ. ആരോഗ്യപ്രവർത്തകനായ ടിറ്റോയുടെ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം സർക്കാർ ഏറ്റെടുക്കണമെന്നാണ് യുണൈറ്റഡ് നേഴ്സ് അസോസിയേഷന്റെ ആവശ്യം.
കർണാടക സ്വദേശിയായ ടിറ്റോ, കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ആശുപത്രിയിൽ നിന്ന് നിപ ബാധിച്ച് മരിച്ച ആളിൽ നിന്നാണ് ടിറ്റോക്ക് നിപ പിടിപെട്ടത്. പിന്നീട് ടിറ്റോ ജോലിയിൽ പ്രവേശിച്ചെങ്കിലും ഡിസംബറിൽ കടുത്ത തലവേദന അനുഭവപ്പെട്ട് നടത്തിയ ചികിത്സയിൽ 'നിപ എൻസിഫിലിറ്റീസ്' ആണെന്ന് സ്ഥിരീകരിച്ചു.
എട്ടുമാസമായി ടിറ്റോ കോമയിലാണ്. തൊണ്ടയിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെയാണ് ശ്വാസം എടുക്കുന്നത്. വയറിൽ ട്യൂബ് ഇട്ട് ആണ് ഭക്ഷണം നൽകുന്നു. ആശുപത്രി അധികൃതരാണ് ഈ കാലയളവിൽ ടിറ്റോയുടെ ചികിത്സാചെലവുകൾ നോക്കിയത്.
മൂന്നുതവണ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാർ ടിറ്റോയെ സന്ദർശിച്ചിരുന്നു. സർക്കാരിൽ നിന്നും കുടുംബത്തിന് നിർബന്ധമായും സഹായം ലഭിക്കണമെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആവശ്യം.
ടിറ്റോയെ പരിചരിക്കാൻ സഹോദരൻ ജോലി ഉപേക്ഷിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് കുടുംബം. ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുൻപേ കാലിടറിപ്പോയ ടിറ്റോ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ആശുപത്രി കിടയ്ക്കക്ക് സമീപം കാത്തിരിപ്പിലാണ് മാതാപിതാക്കൾ...