
വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അസം സില്‍ച്ചാറിലെ എന്‍ഐടി അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ഐടി ക്യാംപസില്‍ നിന്ന് ഡോ. കോടേശ്വര രാജു ദേനുകൊണ്ടയെ അറസ്റ്റ് ചെയ്തതായി കച്ചാര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഇയാളെ സ്ഥാപനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതി ആദ്യം ക്വാട്ടേഴ്‌സില്‍ ലോക്ക് പുറത്തുനിന്ന് പൂട്ടി അകത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്നും എന്നാല്‍ പ്രതിയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇവിടെ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രൊഫസറെ ക്യാംപസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
ബി ടെക് വിദ്യാര്‍ഥിയാണ് പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കിയത്. ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രൊഫസര്‍ ചേംബറിലേക്ക് വിളിപ്പിച്ചാണ് പീഡനം നടന്നതെന്നാണ് പെണ്‍കുട്ടി പറയുന്നത്.
മാര്‍ക്ക് കുറഞ്ഞ കാരണത്താല്‍ അധ്യാപകന്‍ പെണ്‍കുട്ടിയെ ചേംബറിലേക്ക് വിളിപ്പിക്കുകയും മോശമായ രീതിയില്‍ തൊടുകയായിരുന്നു എന്നുമാണ് പരാതി.
'അധ്യാപകന്റെ അരികില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് മാര്‍ക്ക് കുറഞ്ഞത് എന്ന് ചോദിച്ചു. അതുകഴിഞ്ഞ് എന്റെ കൈ പിടിച്ചു. വിരലുകളും പിടിക്കാന്‍ തുടങ്ങി. പിന്നാലെ എന്റെ തുടകള്‍ പിടിച്ചു. എന്നിട്ട് കംപ്യൂട്ടറില്‍ അശ്ലീലതയുള്ള ഗാനങ്ങള്‍ വെക്കാന്‍ തുടങ്ങി... എന്നിട്ട് എന്റെ വയറില്‍ പിടിക്കുകയും വയറിലൂടെ വിരലോടിക്കുവാനും തുടങ്ങി. ഞാന്‍ കരഞ്ഞിട്ടും അയാള്‍ നിര്‍ത്തിയില്ല. എന്നോട് സ്വസ്ഥമായി ഇരിക്കാനും കാല്‍ വിടര്‍ത്തിവെക്കാനുമാണ് പറഞ്ഞത്. എന്നിട്ട് എന്റെ കഴുത്ത് പിന്നില്‍ നിന്ന് പിടിച്ചു,' പെണ്‍കുട്ടി കത്തില്‍ എഴുതി.
ക്യാബിന്റെ പുറത്ത് സുഹൃത്ത് കാത്തു നിന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇത് മാനസികവും ലൈംഗികവുമായ അതിക്രമാണെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവം നടന്നതായി പറയുന്ന അധ്യാപകന്റെ ചേംബര്‍ സീല്‍ ചെയ്‌തെന്നും പെണ്‍കുട്ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും രജിസ്ട്രാര്‍ അഷിം റോയ് പറഞ്ഞതായി പൊലീസ് ഓഫീസര്‍ പറഞ്ഞു.