
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്ന ഒരു രാഷ്ട്രീയ നേതാവിൻ്റെ വാഗ്ദാനം നിരസിച്ചെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ജീവിതലക്ഷ്യം പ്രധാനമന്ത്രി സ്ഥാനമായിരുന്നില്ലെന്നും അതിനാൽ നിർദേശം നിരസിക്കുകയായിരുന്നെന്നും ഗഡ്കരി പറയുന്നു. പത്രപ്രവർത്തന അവാർഡ്‌ദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.
"ഞാൻ ഒരു സംഭവം ഓർക്കുന്നു, ആരാണെന്ന് ഞാൻ പറയുന്നില്ല. ഒരിക്കൽ ഒരു രാഷ്ട്രീയ നേതാവ് നിങ്ങൾ പ്രധാനമന്ത്രിയാകാൻ പോകുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു," സംഭാഷണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാതെ ബിജെപി നേതാവ് പറഞ്ഞു.
"എന്നാൽ, നിങ്ങൾ എന്തിന് എന്നെ പിന്തുണയ്ക്കണം, എന്തിന് ഞാൻ നിങ്ങളുടെ പിന്തുണ സ്വീകരിക്കണമെന്ന് ഞാൻ ചോദിച്ചു. പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതത്തിലെ ലക്ഷ്യമല്ല. എൻ്റെ ബോധ്യത്തോടും എൻ്റെ സംഘടനയോടും ഞാൻ വിശ്വസ്തനാണ്, ഞാൻ വിട്ടുവീഴ്ച ചെയ്യാൻ പോകുന്നില്ല. ഏത് പോസ്റ്റിനേക്കാളും എനിക്കെൻ്റെ ബോധ്യമാണ് പ്രധാനം," ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
പത്രപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും നൈതികത വളരെ പ്രാധാനമാണെന്ന് നിതിൻ ഗഡ്കരി തൻ്റെ പ്രസംഗത്തിൽ അടിവരയിട്ട് പറഞ്ഞു. നാഗ്പൂരിലെയും വിദർഭയിലെയും ഏറ്റവും മികച്ച രാഷ്ട്രീയക്കാരിൽ ഒരാളാണ് അന്തരിച്ച എബി ബർദനെന്ന് ഒരു കമ്മ്യൂണിസ്റ്റ് നേതാവിനോട് പറഞ്ഞതായി നിതിൻ ഗഡ്കരി ഓർത്തെടുത്തു. "ബർധൻ ആർഎസ്എസിൻ്റെ എതിരാളിയാണെന്ന് നേതാവ് പറഞ്ഞപ്പോൾ സത്യസന്ധമായ എതിർപ്പിനെ മാനിക്കണമെന്നായിരുന്നു എൻ്റെ മറുപടി. സത്യസന്ധതയോടെ എതിർക്കുന്ന ഒരാളെ ബഹുമാനിക്കണം. കാരണം അവൻ്റെ എതിർപ്പിൽ സത്യസന്ധതയുണ്ട്. സത്യസന്ധതയില്ലാതെ എതിർക്കുന്ന ഒരാൾ ബഹുമാനം അർഹിക്കുന്നില്ല," നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.
സഖാവ് ബർദൻ തൻ്റെ പ്രത്യയശാസ്ത്രത്തോട് വിശ്വസ്തനായിരുന്നെന്നും രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും ഇപ്പോൾ അത്തരക്കാർ ഇല്ലെന്നും കേന്ദ്ര മന്ത്രി പറയുന്നു. നീതിന്യായ വകുപ്പ്, ഭരണനിർവ്വഹണസമിതി, നിയമനിർമ്മാണസഭ, പത്രപ്രവർത്തകർ എന്നീ നാല് തൂണുകളും ധാർമികത പിന്തുടരുമ്പോൾ മാത്രമേ നാധിപത്യം വിജയിക്കുവെന്നും ഗഡ്കരി കൂട്ടിചേർത്തു.