
എറണാകുളം കടവന്ത്ര സ്വദേശി സുഭദ്രയുടെ കൊലപാതകത്തിൽ പ്രതികരണവുമായി നിതിൻ മാത്യൂസിന്റെ പിതാവ് ക്ളീറ്റസ്. കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യുവിൻ്റെ കുടുംബം പറഞ്ഞു. കല്യാണത്തിന് ശർമിളയ്ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നുവെന്നും ആൻ്റി എന്നാണ് പരിചയപ്പെടുത്തിയതെന്നുമാണ് കുടുംബത്തിൻ്റെ പ്രതികരണം. കുടുംബത്തിന്റെ നിർബന്ധത്തെ തുടർന്നാണ് ശർമിളയെ മാത്യൂസ് വിവാഹം ചെയ്യുന്നത്. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും, കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ തർക്കം ഉണ്ടായിരുന്നുവെന്നും നിതിൻ മാത്യൂസിന്റെ പിതാവ് പറഞ്ഞു.
പണം തിരികെ ലഭിക്കാൻ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചിരുന്നു. കൂടാതെ മാത്യുവും ശർമിളയും സ്ഥിരം മദ്യപാനികൾ ആണെന്നും കുടുംബം ആരോപിച്ചു. മാത്യൂസിനെക്കാൾ വലിയ മദ്യപാനിയായിരുന്നു ശർമിളയെന്നും അവർ കൂട്ടിച്ചേർത്തു. ശർമിളയുമായി മാത്യൂസിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും ഇതോടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടുവെന്നും പറഞ്ഞു. ഇരുവരെയും നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും കുടുംബം അറിയിച്ചു.
അതേസമയം സുഭദ്രയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ നിതിൻ മാത്യൂസിന്റേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളോട് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാത്യുസും ശർമിളയും ഒളിവിൽ പോകുകയായിരുന്നു.
കടവന്ത്രയില്‍ നിന്ന് കാണാതായ 73 കാരിയായ സുഭദ്രയെ ശര്‍മിളയുടെ വീട്ടില്‍ കണ്ടതായി നാട്ടുകാരും അറിയിച്ചിരുന്നു. സ്ഥിരമായി തീര്‍ഥാടനം നടത്താറുള്ള സുഭദ്ര മാത്യുവിനേയും ശര്‍മിളയെയും പരിചയപ്പെടുന്നതും തീര്‍ഥാടന വേളയിലാണ്. തീര്‍ഥാടനത്തിന് പോവുകയാണെന്ന് പറഞ്ഞാണ് സുഭദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് ലഭ്യമായ വിവരം. നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കാട്ടൂരില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടേത് തന്നെയാണെന്ന് മൃതദേഹമെന്ന് ചൊവ്വാഴ്ച മകൻ തിരിച്ചറിഞ്ഞിരുന്നു. മകൻ രാധാകൃഷ്ണനാണ് അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ശർമിള സുഭദ്രയെ കൂട്ടി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.