
പട്‌നയിലും പരിസര പ്രദേശങ്ങളിലും ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുന്നത് വിലയിരുത്തുന്നതിനായി വ്യോമനിരീക്ഷണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സംസ്ഥാന തലസ്ഥാനത്ത് പലയിടത്തും ഗംഗാ നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ എത്തിയതോടെയാണ് തീരുമാനം.
പട്‌നയിലെ ഗാന്ധിഘട്ടിൽ ഗംഗ നദി 48.60 മീറ്ററിനു മുകളിലാണ് ഒഴുകുന്നത്. ഹത്തിദയിൽ 41.76 മീറ്ററിനും ദിഘ ഘട്ടിലും 50.45 മീറ്ററിനും മുകളിലാണ് ഗംഗ ഒഴുകുന്നത് എന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജാർഖണ്ഡിലെ പട്ന റൂറൽ, നളന്ദ ജില്ലകളിലെ നിരവധി താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് പെയ്തത്. തുടർന്ന് ഫാൽഗു, സക്രി നദികളിലെ ജലനിരപ്പ് ഉയർന്നതോടെ നാലിടങ്ങളിലെ ചെറിയ അണക്കെട്ടുകളുടെ ഭാഗങ്ങൾ തകർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും അധികൃതർ അറിയിച്ചിരുന്നു. പട്‌നയിലെ പണ്ടാരക്, ഫതുഹ ബ്ലോക്കുകളിലും നളന്ദ ജില്ലയിലെ ഹിൽസ ബ്ലോക്കിലെ ഗ്രാമങ്ങളിലുമാണ് പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായത്.