മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു

2022-ലെ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളാണ് ജെഡിയു നേടിയത്
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു
Published on

മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജനാതാദൾ യുണൈറ്റഡ്. പാർട്ടിയുടെ ഏക എംഎൽഎ ഇനിമുതൽ പ്രതിപക്ഷ നിരയിൽ ഇരിക്കും. വിവരം കാണിച്ച് മണിപ്പൂരിലെ ജെഡിയു അധ്യക്ഷൻ കഷ് ബിരേൻ സിം​ഗ് ​ഗവർണർക്ക് കത്തയച്ചു. മേഘാലയയിൽ അധികാരത്തിലുള്ള കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി, ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു പിന്നാലെയാണ് ജനതാ ദളിന്റെ നീക്കം.

"മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ ജനതാദൾ (യുണൈറ്റഡ്) മണിപ്പൂർ യൂണിറ്റ് പിന്തുണയ്ക്കുന്നില്ലെന്നും ഞങ്ങളുടെ ഏക എംഎൽഎയായ മുഹമ്മദ് അബ്ദുൾ നാസിറിനെ സഭയിൽ പ്രതിപക്ഷ എംഎൽഎയായി കണക്കാക്കണമെന്നും ഇതിനാൽ അറിയിക്കുന്നു," കഷ് ബിരേൻ സിം​ഗ് ​ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു.

2022-ലെ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളാണ് ജെഡിയു നേടിയത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് മാറി. 60 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 37 എംഎൽഎമാരുണ്ട്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപിക്ക് സൗകര്യപ്രദമായ ഭൂരിപക്ഷം ലഭിച്ചത്.

കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ 12 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയു രാജ്യത്താകമാനം നേടിയത്. ലോക്സഭയിലെ ഏഴാമത്തെ വലിയ പാർട്ടിയും ബിജെപിയെ ഭൂരിപക്ഷത്തിലെത്താൻ സഹായിച്ച പ്രധാന സഖ്യകക്ഷികളിൽ ഒന്നുമാണ് ജെഡിയു. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബിജെപിയും ജെഡിയുവും സഖ്യകക്ഷികളാണ്. രാഷ്ട്രീയ കൂറുമാറ്റത്തിന് പേരുകേട്ട ജെഡിയു പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, പ്രതിപക്ഷ ബ്ലോക്കിൽ നിന്നും കഴിഞ്ഞ വർഷമാണ് എൻഡിഎയിലേക്ക് എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com