
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ. പ്രവേശന നടപടികൾ അവസാന ഘട്ടത്തിലിരിക്കെ താത്കാലിക സീറ്റുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മലപ്പുറത്ത് 120, കാസർഗോഡ് 18 താത്കാലിക ബാച്ചുകൾ വീതമാണ് അനുവദിച്ചത്. ഇതോടെ സീറ്റ് പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് 74 സ്കൂളുകളിലായാണ് 120 താത്കാലിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. കാസർഗോഡാകാട്ടെ 18 സ്കൂളുകളിൽ 18 താത്കാലിക ബാച്ചുകളും അനുവദിച്ചു. ഇതോടെ പ്ലസ് വൺ പ്രതിസന്ധിക്ക് പ്രശ്ന പരിഹാരമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതിൽ സയൻസ് ബാച്ചില്ല. കൊമേഴ്സിന് 61ഉം, ഹ്യുമാനിറ്റീസിന് 51 ബാച്ചുകളുമാണുള്ളത്. എന്നാൽ, കാസർഗോഡ് സയൻസിന് ഒരു സീറ്റ് അനുവദിച്ചിട്ടുണ്ട്. 13 കൊമേഴ്സ് ബാച്ചുകളും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളുമാണ് അനുവദിച്ചത്.
പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇത് പ്രതിപക്ഷത്തിന്റെ പോരാട്ടവിജയമാണെന്നും എന്നാൽ പൂർണ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. "കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലും അധിക ബാച്ചുകൾ അനുവദിക്കണം. ഈ ജില്ലകളിലും വിദ്യാർഥികൾ പ്രവേശനത്തിനായി കാത്തിരിക്കുന്നുണ്ട്. ആദ്യം സർക്കാരെടുത്ത നിലപാട് സീറ്റുകൾ ബാക്കി വരും എന്നായിരുന്നു. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് സർക്കാരിന് ഇപ്പോൾ ബോധ്യപ്പെട്ടു. അടുത്തവർഷം ഈ പ്രശ്നം ഉണ്ടാകരുത്. ശാശ്വതമായ പരിഹാരം ഉണ്ടാകണം. സയൻസ് ബാച്ചുകൾ ഉൾപ്പെടെ ഉണ്ടാകണം," വി.ഡി. സതീശൻ പറഞ്ഞു.
താൽക്കാലിക ബാച്ച് അനുവദിക്കുന്നതിലൂടെ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നും ശിവൻകുട്ടി പറയുന്നു. എന്നാൽ, താത്കാലിക സീറ്റ് അനുവദിച്ചതിലൂടെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിമർശിച്ചു.