
വിദ്യാർഥികളുടെ അന്താരാഷ്ട്ര കുടിയേറ്റ വിഷയത്തിൽ പ്രക്ഷുബ്ധമായി നിയമസഭ. കുട്ടികൾ വിദേശത്തേക്ക് പോകുന്നത് വീട് പണയപ്പെടുത്തിയാണെന്നും സംസ്ഥാനത്തിൻ്റെ പണം പുറത്തേക്ക് പോകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഏറ്റവും ഗൗരവമായി കാണേണ്ട വിഷയത്തിൽ മന്ത്രി ചൊറിഞ്ഞുകൊണ്ടാണ് സംസാരിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. എന്നാൽ, കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് പൂർണ്ണമായും തടയുവാൻ സാധിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. വിദ്യാർഥികളെ മോഹന വാഗ്ദാനങ്ങൾ നൽകി ചില ഏജൻസികൾ കബളിപ്പിക്കുന്നു. സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഒരു വീഴ്ചയുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഒടുവിൽ അനുമതിയും നിഷേധിച്ചു. കേരളത്തിലെ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം സംബന്ധിച്ച് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിലാണ് സഭയിൽ വാക്പോരുണ്ടായത്. ഭാവി തലമുറ ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, കേരളത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയാണെന്നും മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ചു. വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ തലമുറ ജീവിക്കാനാഗ്രഹിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാരിനായിട്ടില്ല. 6000 രൂപ മുതൽ 10,000 രൂപ വരെ ശമ്പളത്തിലാണ് ഇവിടുത്തെ ചെറുപ്പക്കാർ ജോലി ചെയ്യുന്നത്. ഇവിടുത്തെ സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനാലാണ് ഇത്തരം അവസ്ഥകൾക്ക് കാരണമെന്നും കുഴൽനാടൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരുന്നിട്ട് കാര്യമില്ലെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
എന്നാൽ, എംഎൽഎയുടെ പ്രസ്താവന കേരളത്തെ മോശമാക്കിയുള്ളതാണെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. കേരളത്തിൽ നിന്നു വിദേശത്തേക്ക് പോകുന്ന കുട്ടികളിൽ മിക്കവർക്കും മികച്ച ജോലി കിട്ടുന്നില്ല. ഈ യാഥാർഥ്യം വിദ്യാർഥികളെ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. വികസിത രാജ്യങ്ങളിൽ വേണ്ടത്ര ആളുകൾ ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ രാജ്യത്തുള്ള ആളുകളെ സ്വീകരിക്കാൻ അവർ തയാറാകുന്നത്. ഇവിടെ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വിദേശത്ത് പോയി ചെയ്യുന്നവരുമുണ്ട്. പഠനത്തിനൊപ്പം ജോലി എന്നതാണ് വിദ്യാർഥികളെ ഏറ്റവുമധികം ആകർഷിക്കുന്നത്. വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ല. കേരളത്തിലെ വിദ്യാര്‍ഥി കുടിയേറ്റം രാജ്യത്തെ ആകെ കുടിയേറ്റത്തിൻ്റെ നാല് ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു.