
എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ തള്ളി വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ. ആരോപണങ്ങളും ആക്ഷേപങ്ങളും പൊലീസ് അന്വേഷിക്കട്ടെ. താൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും അപ്പച്ചൻ വ്യക്തമാക്കി. ആക്ഷേപങ്ങൾ കെപിസിസി പരിശോധിക്കട്ടെ എന്നും എൻ.ഡി. അപ്പച്ചൻ കൽപ്പറ്റയിൽ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പ് ഇന്നാണ് പുറത്തുവന്നത്. നാല് കത്തുകൾ ആണ് വിജയന്‍റേതായി ലഭിച്ചത്. വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചനും മുന്‍ ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി. ബാലകൃഷ്ണനും പണം വാങ്ങാൻ ഇടപ്പെട്ടുവെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നുമാണ് കത്തുകളില്‍ പറയുന്നത്.
സഹകരണ ബാങ്ക് നിയമനത്തിനായി ഐ.സി. ബാലകൃഷ്ണന്‍റെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നൽകി. രണ്ട് ലക്ഷം രൂപ ഐ.സി. തിരികെ നൽകി. ബാക്കി അഞ്ച് ലക്ഷം രൂപ തൻ്റെ ബാധ്യതയായിയെന്നുമാണ് വിജയന്‍ കത്തില്‍ എഴുതിയിരിക്കുന്നത്. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വിഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്ന് വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിൻ്റെ ബാധ്യതയായി. അർബൻ ബാങ്കിലെ മകൻ്റെ താൽക്കാലിക ജോലി ഐ.സി. ബാലകൃഷ്ണൻ ഇടപെട്ട് കളഞ്ഞുവെന്നും കത്തില്‍ ആരോപണമുണ്ട്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും രാഹുൽഗാന്ധി എംപിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമായാണ് കത്തെഴുതിയിരിക്കുന്നത്.
എൻ.എം. വിജയൻ ഒരു ബാധ്യതയെപ്പറ്റിയും പറഞ്ഞിട്ടില്ലെന്നും കത്തിൽ തന്റെ പേര് വ്യാജമായി എഴുതിയതെന്നുമായിരുന്നു ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രതികരണം. ഐ.സി. ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണെന്നും കോൺഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തലയും ആരോപിച്ചു. അതേസമയം, നിലവില്‍ പുറത്തുവന്ന വിവരങ്ങള്‍ ഗൗരവതരമാണെന്നും പരിശോധിച്ചു തെറ്റുകാരനാണെന്ന് കണ്ടാല്‍ ഏത് കൊമ്പനെതിരെയും നടപടി ഉണ്ടാകുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം.
വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു.