
പരിഷ്‌കരിച്ച എൻസിഇആർടി 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പേരില്ല. പകരം മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണ് ഇപ്പോൾ പുറത്തിറക്കിയ ടെക്സ്റ്റിൽ നൽകിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പള്ളി എന്നായിരുന്നു ആദ്യ പുസ്തകത്തിൽ ഉണ്ടായിരുന്നത്. പഴയ ടെക്സ്റ്റിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന രണ്ടു പേജുകളും പുതിയ പുസ്തകത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും, കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിൽ ഇല്ല.
16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്. ഇപ്പോൾ, ഇതിനെ ശ്രീരാമൻ്റെ ജന്മസ്ഥലത്ത് 1528-ൽ നിർമ്മിച്ച ഒരു മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണ് പരിചയപ്പെടുത്തുന്നത്. ഒപ്പം കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി വിധിയും പുസ്തകത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.