
ജയിലുകളിലെ ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനം തടയുന്നതിനുള്ള നിർണായക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. ജാതിയുടെ അടിസ്ഥാനത്തിൽ ജയിലുകളിൽ ജോലി ഏൽപ്പിക്കുന്ന പല സംസ്ഥാനങ്ങളിലെയും ജയിൽ മാന്വലിലെ വ്യവസ്ഥകളും കോടതി റദ്ദാക്കി. ജാതി കോളം രജിസ്റ്ററിൽ നിന്ന് ഒഴിവാക്കണമെന്നും, തടവുകാരെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് വിവേചനം ശക്തിപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.
പിന്നാക്ക ജാതിക്കാർക്ക് ശുചീകരണമടക്കമുള്ള ജോലികളും ഉയർന്ന ജാതിയിലുള്ള തടവുകാർക്ക് പാചകം ചുമതയലും നൽകുന്നത് ജാതി വിവേചനവും ഭരണഘടനയുടെ ആർട്ടിക്കിൾ 15 ൻ്റെ ലംഘനവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരും തോട്ടിപ്പണിക്കാരായോ പാചകക്കാരോ ആയിട്ടല്ല ജനിക്കുന്നത്. ജോലിയിലെ വിവേചനം തൊട്ടുകൂടായ്മയുടെ ഒരു വശമാണ്. അത് അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
തടവുകാരെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് വിവേചനം ശക്തിപ്പെടുത്തും. ഇത്തരം വേർതിരിവുകൾ പുനരധിവാസം സുഗമമാക്കില്ല. തടവുകാർക്ക് അന്തസ്സ് നൽകാതിരിക്കുന്നത് കൊളോണിയൽ വ്യവസ്ഥയുടെ ശേഷിപ്പാണ്. എല്ലാവർക്കും അന്തസ്സുണ്ട്. അവരോട് മനുഷ്യത്വപരമായും ക്രൂരതകളില്ലാതെയും പെരുമാറണം. തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു.
ജാതി അടിസ്ഥാനത്തിലുള്ള ജോലി അനുവദിക്കുന്നത് അവസാനിപ്പിക്കാൻ ജയിൽ മാനുവലുകൾ പരിഷ്കരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി. ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവ് പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും കോടതി നിർദ്ദേശിച്ചു. ജയിൽ മാന്വലിലെ സ്ഥിരം കുറ്റവാളികളെ കുറിച്ചുള്ള പരാമർശം അവരുടെ ജാതിയോ ഗോത്രമോ പരാമർശിക്കാതെ നിയമനിർമ്മാണ നിർവചനങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ദി വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തക സുകന്യ ശാന്ത സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് വിഷയം മനോഹരമായി ഗവേഷണം ചെയ്ത ഹർജിയെയും അത് ഫലപ്രദമായി വാദിച്ചതിന് അഭിഭാഷകരെയും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിനന്ദിക്കുകയും ചെയ്തു.