ക്ലാസിക്കൽ ഫാസിസം ഇന്ത്യയിലോ ലോകത്തോ ഇല്ല, സിപിഎം നിലപാടിൽ മാറ്റമില്ല: എം.വി. ഗോവിന്ദൻ

നരേന്ദ്ര മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ലെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയ നിലപാടിൽ മാറ്റമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ക്ലാസിക്കൽ ഫാസിസം ഇന്ത്യയിലോ ലോകത്തോ ഇല്ല, സിപിഎം നിലപാടിൽ മാറ്റമില്ല: എം.വി. ഗോവിന്ദൻ
Published on


ക്ലാസിക്കൽ ഫാസിസം ഇന്ത്യയിലോ ലോകത്തോ ഇല്ലെന്നും 'ന്യൂ ഫാസിസ്റ്റിക്' എന്ന പദം വലിയ ചർച്ചയ്ക്ക് വഴിവെച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നരേന്ദ്ര മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ലെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയ നിലപാടിൽ മാറ്റമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.



"ഇപ്പോഴുള്ളത് പുതിയ ഫാസിസ്റ്റ് രീതിയാണ്. കുത്തകകൾക്കായി ബിജെപി ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ്. അമിതാധികാരത്തിനായി ഹിന്ദുത്വ ഫാസിസം നടപ്പാക്കുകയാണ് ബിജെപി. ഫാസിസത്തിലേക്കാണ് ബിജെപിയുടെയും മോദിയുടേയും യാത്ര. കോൺഗ്രസ് മൂന്നാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന ഭയത്തിലാണ് അവരുടെ നേതാക്കൾ," എം.വി. ഗോവിന്ദൻ വിമർശിച്ചു.



"കേരളത്തിൽ എൽഡിഎഫ് സർക്കാരിന് ഭരണ തുടർച്ചയുണ്ടായാൽ തൊഴിലില്ലായ്മയും ഇല്ലാതാക്കും. സർക്കാർ ഒന്നര വർഷത്തിനിടെ 10 ലക്ഷം പേർക്ക് കൂടി ജോലി നൽകും. കൊല്ലം സമ്മേളനത്തിലും നയരേഖ അവതരിപ്പിക്കും," സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.



ഫാസിസത്തെപ്പറ്റി സിപിഎമ്മിന് കൃത്യമായ ധാരണയുണ്ടെന്നും ലോകത്ത് പുതിയ ഒരു രീതിയായി നിയോ ഫാസിസം ഉയർന്ന് വരികയാണെന്നും എം.വി. ഗോവിന്ദൻ നേരത്തെ ഈ വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു.

"ആർഎസ്എസ് ഫാസിസ്റ്റ് സംഘടനയാണ്. ആർഎസ്എസിനാൽ നയിക്കപ്പെടുന്ന ബിജെപി തന്നെയാണ് ഇന്ത്യയിൽ ഏറ്റവും പ്രധാന ശത്രു. രാജ്യത്ത് ഫാസിസമാണെന്ന് പറയുന്നവരോട് ഒറ്റ കാര്യമേ പറയാനുള്ളു. ഭരണസംവിധാനം പൂർണമായി ഫാസിസം ആയെങ്കിൽ ഇത്തരം സമരങ്ങൾ നടക്കില്ല. ഇവിടെന്നല്ല എല്ലായിടത്തും സമരം നടക്കുന്നുണ്ട്. അതിനർഥം ഫാസിസം ഇല്ല എന്നാണ്. ഫാസിസത്തെപ്പറ്റി സിപിഎമ്മിന് കൃത്യമായ ധാരണയുണ്ട്. പാർട്ടി പരിപാടിയിൽ ബിജെപിയെയും ആർഎസ്എസിനെയും കുറിച്ച് കൃത്യമായി പറയുന്നുണ്ട്," എന്നാണ് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്.



ആർഎസ്എസിനാൽ നയിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്നും ബൂർഷ്വാ പാർട്ടികളിൽ നിന്ന് വ്യത്യസ്തരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യയിൽ ഏറ്റവും പ്രധാന ശത്രു ബിജെപി തന്നെയാണ്. ഇത് അന്നും ഇന്നും പറഞ്ഞിട്ടുണ്ട്. പാർട്ടി കോൺഗ്രസിൻ്റെ കരട് മാറ്റത്തിന് വിധേയമാണ്. പുതിയ പ്രയോഗമായ ഫാസിസ്റ്റിക് എന്നത് കൂടുതൽ അർഥവത്തായ പ്രയോഗമാണ്," എം.വി. ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com