കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയം: 'കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസ്'; ആരോപണവുമായി സിപിഎം ഏരിയ സെക്രട്ടറി

കലാ രാജുവിന് സിപിഎം വൈദ്യചികിത്സ നൽകുന്ന ദൃശ്യങ്ങളടക്കം പുറത്തുവിട്ടായിരുന്നു രതീഷിൻ്റെ വെളിപ്പെടുത്തൽ
കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയം: 'കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസ്';  ആരോപണവുമായി സിപിഎം ഏരിയ സെക്രട്ടറി
Published on

കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടികൊണ്ടുപോയ കേസിൽ പുതിയ ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് യുഡിഎഫാണെന്ന് സിപിഎം നേതാവ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷാണ് ആരോപണം ഉന്നയിച്ചത്. കലാ രാജുവിന് സിപിഎം വൈദ്യചികിത്സ നൽകുന്ന ദൃശ്യങ്ങളടക്കം പുറത്തുവിട്ടായിരുന്നു രതീഷിൻ്റെ വെളിപ്പെടുത്തൽ.

അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച കലാ രാജുവിനെ സിപിഎമ്മിന് തട്ടിക്കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നായിരുന്നു രതീഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികൾ. ഒരു ഘട്ടത്തിലും മോശമായ പദപ്രയോഗമോ പെരുമാറ്റമോ ആരിൽ നിന്നും ഉണ്ടായിട്ടില്ല എന്നത് നിസ്തർക്കമാണ്. മറിച്ചുള്ള എല്ലാ കുപ്രചാരണങ്ങളും തള്ളി കളയുകയെന്നും പോസ്റ്റിൽ പറയുന്നു.  എന്നാൽ തട്ടികൊണ്ട് പോകലിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. വിഷയത്തിൽ കലാ രാജുവിൻ്റെ രഹസ്യമൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. 

കഴിഞ്ഞ ദിവസമാണ് കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൗണ്‍സിലര്‍ കലാ രാജു രംഗത്തെത്തിയത്. സിപിഎമ്മുകാര്‍ വസ്ത്രം വലിച്ചുകീറിയെന്നും, ക്രൂരമായി മര്‍ദിച്ചുവെന്നും കലാ രാജു ആരോപിച്ചു. പാർട്ടി നേതാക്കളിൽ ഒരാൾ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കലാ രാജു പറഞ്ഞു.

കാറിൽ നിന്ന് ഇറക്കുന്നതിനിടെ സിപിഎമ്മുകാർ മർദിച്ചു. ഡോറിനിടയിൽ കാൽ കുടുങ്ങിയപ്പോൾ വെട്ടി ഓഫീസിൽ എത്തിക്കാമെന്നാണ് പറഞ്ഞത് കലാ രാജു വെളിപ്പെടുത്തിയിരുന്നു. കാറിൽ കയറ്റി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് മർദിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഗ്യാസിൻ്റെ ഗുളിക തന്നു. മക്കളെ കാണണമെന്ന് പറഞ്ഞപ്പോൾ ഏരിയാ സെക്രട്ടറിയോട് ചോദിക്കണമെന്നാണ് പറഞ്ഞതെന്നും കല പറഞ്ഞിരുന്നു. കൗൺസിലറുടെ ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് ഏരിയ സെക്രട്ടറി രതീഷ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

നഗരസഭയിലെ കൂറുമാറ്റം ഭയന്ന് കൗൺസിലർ കലാ രാജുവിനെ സിപിഎമ്മുകാർ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചു കൊണ്ട് മക്കൾ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ  സിപിഎം ഏരിയ സെക്രട്ടറി അടക്കം ആറ് പേർക്കെതിരെ തട്ടികൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തിരുന്നു.

പി.ബി. രതീഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


'അരിവാൾ ചുറ്റിക നക്ഷത്രം' അടയാളത്തിൽ മത്സരിച്ച് വിജയിച്ച സ. കല രാജുവിനെ തട്ടിക്കൊണ്ട് പോകേണ്ട കാര്യം സിപിഎമ്മിന് ഇല്ല. തട്ടിക്കൊണ്ടു പോയതും കൊണ്ടുവന്നതും കോൺഗ്രസാണ്. കോൺഗ്രസ് കൗൺസിലർമാരുടെ അകമ്പടിയോടെ കല രാജു വരാൻ ഇടയായതാണ് പരിശോധിക്കേണ്ടത്. ആവിശ്വാസപ്രമേയത്തിൽ നിന്നും വിട്ടുനിൽക്കുക എന്ന എൽഡിഎഫ് തീരുമാനത്തിന്റെ ഭാഗമായാണ് കൗൺസിലർമാർ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ കേന്ദ്രീകരിച്ചത്. വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ഒരു പകൽ സഖാക്കൾ ഇവിടെ തങ്ങിയത്.

മാത്രമല്ല വൈകിട്ട് 4.30 ഓടെ എല്ലാ കൗൺസിലർ മാരും പിരിയുകയും കല രാജുവിനെ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ ഒരു ഘട്ടത്തിലും മോശമായ പദപ്രയോഗമോ പെരുമാറ്റമോ ആരിൽ നിന്നും ഉണ്ടായിട്ടില്ല എന്നത് നിസ്തർക്കമാണ്. രാവിലെ ഉണ്ടായ കോൺഗ്രസ്സ് ആക്രമണത്തിൽ പരിക്ക് പറ്റിയവർക്ക് ചികിത്സ നല്കാനും ശ്രദ്ധിച്ചിട്ടുണ്ട്. കല രാജുവിനും ആവശ്യമായ വൈദ്യശുശ്രൂഷ ഉറപ്പ് വരുത്താൻ കഴിഞ്ഞു. മറിച്ചുള്ള എല്ലാ കുപ്രചാരണങ്ങളും തള്ളി കളയുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com