കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ലഭിക്കുന്നില്ല, ഡോക്ടർമാരില്ല; മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം
കോഴിക്കോട് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരെ ബി.ജെ.പി പ്രതിഷേധം. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ലഭിക്കാതെയും, ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെയും രോഗികൾ വലയുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.
ജൂബിലി ഹാളിൽ നടക്കുന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടുബന്ധിച്ചുള്ള പൂർവ്വ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജൂബിലി ഹാളിൻ്റെ ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
അതേസമയം, വയനാട് ചുള്ളിയോട് പൊതു പരിപാടിയിൽ പങ്കെടുക്കാൻ പോകവേ ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്ക് നേരെ പ്രതിഷേധം. എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാർ എംഎൽഎയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും തടയാൻ ശ്രമിച്ച ഗൺമാൻ സുദേശന് പരിക്കേറ്റതായും ആരോപണമുയരുന്നുണ്ട്.

