
നിപയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ മലപ്പുറത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു.നിപ രോഗ ബാധയിൽ തിരുവാലി,മമ്പാട് പഞ്ചായത്തുകളിലായുള്ള 5 വാർഡുകളിലെ സമ്പൂർണ്ണ നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട്. നിലവിൽ 78 പേരുടെ സ്രവപരിശോധന ഫലങ്ങളാണ് നെഗറ്റീവായത്.
പുതിയതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിപ ബാധിച്ച് മരിച്ച വണ്ടൂർ സ്വദേശി വീട്ടിൽ നിന്ന് കഴിച്ച പഴത്തിൽ നിന്നാണ് നിപ ബാധിച്ചതെന്ന് സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. എന്നാലിത് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
നിപ ബാധയെ തുടർന്ന് നിപ രോഗ ബാധയിൽ തിരുവാലി,മമ്പാട് പഞ്ചായത്തുകളിൽ പനി സർവേ നടത്തിയിരുന്നു. പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് മലപ്പുറത്തെ നിയന്ത്രണങ്ങൾ നീക്കുന്നത്.