
വെളുപ്പിന് മൂന്നു മണി വരെയൊന്നും ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും വർക്ക് ലൈഫ് ബാലൻസ് നിലനിർത്തേണ്ടത് ജീവിതത്തിൽ അത്യാവശ്യമാണെന്നും സ്വിഗ്ഗി സിഇഒ രോഹിത് കപൂർ. ജീവിത വിജയത്തിനു വേണ്ടിയുള്ള ഓട്ടത്തിൽ പലപ്പോഴും മാനസിക, ശാരീരിക അവസ്ഥകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും രോഹിത് കപൂർ ഓർമിപ്പിച്ചു. പുലർച്ചെ 3 മണി വരെ നിങ്ങൾ തിരക്കിട്ട് ജോലി ചെയ്യേണ്ടതില്ല,” ബെംഗളുരുവിലെ ടെക്സ്പാർക്സ് ഇവൻ്റിൽ ശ്രദ്ധ ശർമ്മയുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു.
പുലർച്ചെ 3 മണി വരെ ജോലി ചെയ്യുന്നുവെന്ന് പറയുന്നവർ, അടുത്ത ദിവസം ഉച്ചയ്ക്ക് 1 മണിക്ക് ഓഫീസിൽ എത്തുമെന്ന് ഒരിക്കലും പറയാറില്ലെന്നും അദ്ദേഹം വിമർശിച്ചു. കഠിനാധ്വാനം ആവശ്യമാണെങ്കിലും, പരിധിക്കപ്പുറമുള്ള അധ്വാനം സുസ്ഥിരമല്ലെന്നും അദ്ദേഹം പറഞ്ഞു. “ചില ദിവസങ്ങളിൽ, നിങ്ങൾ വൈകി ജോലി ചെയ്യണം, പക്ഷേ ദിവസേന അല്ല”.
കഠിനാധ്വാനം ചെയ്യണമെങ്കിലും അത് നിങ്ങളുടെ സ്വകാര്യ ജീവിതം ത്യജിക്കുന്നിടത്തോളമാകരുതെന്നും രോഹിത് വ്യക്തമാക്കി. കുടുംബത്തോടൊപ്പമുള്ള സമയത്തിന് മുൻഗണന നൽകാനും രാത്രി വൈകിയുള്ള അനാവശ്യ ജോലികൾ ഒഴിവാക്കാനും സ്വിഗ്ഗി സിഇഒ ജീവനക്കാരോട് ആവശ്യപ്പെട്ടു. “എൻ്റെ ജീവിതത്തിൽ ഒന്നും എളുപ്പമായിരുന്നില്ല, പക്ഷേ അത് ഭ്രാന്ത് പിടിക്കുന്ന രീതിയിസായിരുന്നില്ല . നിങ്ങൾക്ക് അതിനായി ഭ്രാന്ത് പിടിച്ച് ജോലി ചെയ്യേണ്ടതില്ല. രോഹിത് കൂട്ടിച്ചേർത്തു.