സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം; പ്രസിദ്ധീകരിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ

സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിൻ്റെ സിറാജ് എന്നീ പത്രങ്ങളിലാണ് ന്യൂനപക്ഷ വിമർശനം ചൂണ്ടിക്കാട്ടിയുള്ള പരസ്യം നൽകിയത്
സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം;  പ്രസിദ്ധീകരിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പരസ്യം പ്രസിദ്ധീകരിച്ചത് എംസിഎംസി (മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി)യുടെ അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേയാണ് സന്ദീപ് വാര്യരെ തുറന്നു കാട്ടിയ സരിൻ്റെ പരസ്യം പ്രസിദ്ധീകരിച്ചത്. സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിൻ്റെ സിറാജ് എന്നീ പത്രങ്ങളിലാണ് ന്യൂനപക്ഷ വിമർശനം ചൂണ്ടിക്കാട്ടിയുള്ള പരസ്യം നൽകിയത്. അതേസമയം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ഈ പരസ്യം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


സരിൻ തരംഗം എന്ന തലക്കെട്ടിലാണ് വാർത്ത പ്രസിദ്ധീകരിച്ചതെങ്കിലും അതിൻ്റെ ഉള്ളടക്കം മുഴുവൻ സന്ദീപ് വാര്യരെ കുറിച്ചുള്ളതാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ സന്ദീപ് വാര്യർ പറഞ്ഞ പ്രസ്താവനകളാണ് പത്രത്തിൽ  ഇടം പിടിച്ചിരിക്കുന്നത്. കശ്‌മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ്, കേരളം എതിർത്ത പൗരത്വ ഭേദഗതി പരസ്യമായി നടപ്പിലാക്കുമെന്ന സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്, ഈ വിഷനാവിനെ സ്വീകരിക്കുവോ, ഹാ കഷ്‌ടം, എന്നിങ്ങനെ തലക്കെട്ടുകളും വാർത്തകളും നീളുന്നു. എന്താണ് ഹിന്ദു മഹാസഭ ചെയ്‌ത കുറ്റം ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചു കൊന്നു, എന്ന  പ്രസ്താവനയും  കളത്തിൽ ഇടം നേടിയിട്ടുണ്ട്. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് പരസ്യം പ്രസിദ്ധീകരിക്കാനുള്ള അനുമതി തേടിയില്ലെന്ന വിവരം പുറത്തുവരുന്നത്.

സന്ദീപ് വാര്യർക്കെതിരായ പരസ്യത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിൻ്റേത് വർഗീയ ചേരിതിരിവാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. സുപ്രഭാതത്തിൽ വന്ന പരസ്യത്തെ തള്ളി സമസ്തയും രംഗത്തെത്തി. പരസ്യവുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്നും  ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യമില്ലെന്നും  സമസ്‌ത വ്യക്തമാക്കി.

അതേസമയം പരസ്യം നൽകിയത് സിപിഎം ആണെങ്കിലും പണം നൽകിയത് ബിജെപിയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾ ഇത് തള്ളിക്കളയുമെന്നും വ്യാജ സ്ക്രീൻഷോട്ടുകളാണ് പരസ്യത്തിൽ പങ്കുവെച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. സ്വരാജ് പറഞ്ഞതു പോലും തൻ്റെ മേൽ കെട്ടിവച്ചു. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങൾ വിരുദ്ധ പരാമർശം തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ഭയമുണ്ടെന്നും ഇതിനാലാണ് ഇത്തരം പരസ്യങ്ങൾ നൽകിയതെന്നും സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചു. രാഹുൽ മാങ്കൂട്ടത്തിൻ്റെ  വിജയത്തിൻ്റെ  ശോഭ കെടുത്താൻ ശ്രമത്തിൻ്റെ ഭാഗമാണിത്. പാർട്ടിയുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com