ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ രാഷ്ട്രീയം കാണേണ്ട: രമേശ് ചെന്നിത്തല

തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല
Published on
Updated on

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനെ കുടുംബം ക്ഷണിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേരത്തെയും ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടനായി മുഖ്യമന്ത്രി വന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കാണിക്കുന്ന മര്യാദ സിപിഎമ്മുകാര്‍ക്ക് ഇങ്ങോട്ടില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

സര്‍ക്കാര്‍ വിചാരിച്ചാല്‍ ഉമ്മന്‍ ചാണ്ടിയെ വിസ്മരിക്കാന്‍ കഴിയില്ല. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്നത് കൊടും തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്കെതിരെ ആരോപണമുന്നയിച്ചതിന്റെ ജാള്യത കൊണ്ടാണ് മുഖ്യമന്ത്രി പേര് പരാമര്‍ശിക്കാതിരുന്നത്. തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.


ഉമ്മന്‍ ചാണ്ടിയുമായി മുന്‍പ് പിണങ്ങിയിട്ടുണ്ട്. കഠിനമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും അടിസ്ഥാനപരമായ സ്‌നേഹബന്ധം തമ്മിലുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള മോഡലിന് നിറം മങ്ങി. തോട്ടില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് മസ്തിഷ്‌ക ജ്വരമുണ്ടാകുന്ന സാഹചര്യമാണ്. ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ പര്യാപ്തമല്ല. വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച പുരോഗതി മങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ നിക്ഷേപം വരാനുള്ള അന്തരീക്ഷം ഇപ്പോഴില്ല. താനും ഉമ്മന്‍ ചാണ്ടിയും ഉറച്ചു നിന്നതുകൊണ്ടാണ് വിഴിഞ്ഞം പദ്ധതിക്ക് കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞത്. കേരളത്തിന് ഇനി വേണ്ടത് നിക്ഷേപം കൊണ്ടുവരുക എന്നതാണ്. നിക്ഷേപം മനുഷ്യ മുഖമുള്ളതാകണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ കല്ലറയിലെത്തി കോണ്‍ഗ്രസ് നേതാക്കളും സാംസ്‌കാരിക പ്രമുഖരും പുഷ്പാര്‍ച്ചന നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, പിസി വിഷ്ണുനാഥ്, എംപിമാരായ ബെന്നി ബെഹന്നാന്‍, ഷാഫി പറമ്പില്‍ തുടങ്ങി നിരവധി നേതാക്കള്‍ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേ പേര് പരാമര്‍ശിക്കാതെയിരുന്നത്. ഇത് അന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com