
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തുന്ന നിയമനിർമാണവുമായി ജോർജിയ. കുടുംബമൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതെന്ന് അവകാശപ്പെടുന്ന നിയമത്തിന് പാർലമെന്‍റ് അംഗീകാരം നല്‍കി. എല്‍ജിബിടിക്യൂ പതാകകളുടെ പ്രദർശനത്തിന് അടക്കം വിലക്കേർപ്പെടുത്തിക്കൊണ്ടുള്ളതാണ് നിയമം.
കുട്ടികളുടെയും കുടുംബ മൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള നിയമനിർമാണമെന്ന നിലയിലാണ് ബില്ലവതരിപ്പിക്കപ്പെട്ടത്. എല്‍ജിബിടിക്യു പ്രൈഡ് റാലികള്‍ക്കും, പതാകകളുടെ പ്രദർശനത്തിനും വിലക്കേർപ്പെടുത്തുന്നതിന് പുറമെ, സിനിമകളില്‍ നിന്നും പുസ്കങ്ങളില്‍ നിന്നും ക്വീർ ഉള്ളടക്കം നീക്കംചെയ്യാനുള്ള സെന്‍സർഷിപ്പിനും അംഗീകാരം കൊടുക്കുന്നതാണ് നിയമം. നിലവില്‍ സ്വർഗവിവാഹത്തിനും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും നിയമപരമായ നിരോധനമുള്ള രാജ്യമാണ് ജോർജിയ.
പരമ്പരാഗത മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന പ്രഖ്യാപനത്തോടെ ബില്ല് കൊണ്ടുവന്നത് ഭരണകക്ഷിയായ ജോർജിയന്‍ ഡ്രീം പാർട്ടിയാണ്. വ്യാഴാഴ്ച നടന്ന അവസാനഘട്ട ചർച്ചകള്‍ക്കുശേഷം ബില്ലിന് പാർലമെന്‍റ് അംഗീകാരം നല്‍കി. നിയമനിർമാണത്തിന് ആവശ്യമായ ഭൂരിപക്ഷം, ജോർജിയന്‍ ഡ്രീമിനുള്ളതിനാല്‍ മറ്റ് എതിർപ്പുകളൊന്നുമില്ലാതെ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി യാഥാസ്ഥിതിക വോട്ടുകളുറപ്പിക്കുകയാണ് ഇത്തരമൊരു നിയമനിർമാണത്തിന് പിന്നിലെ ലക്ഷ്യം. ഓർത്തഡോക്സ് സഭയ്ക്ക് പാർലമെന്‍റിന് മേല്‍ വലിയ സ്വാധീനമുള്ള യൂറോപ്യന്‍ രാജ്യമാണ് ജോർജിയ.