
ഓപ്പറേഷൻ സിന്ദൂറിന് ശേഷം അതിർത്തിയിൽ സംഘർഷം ഉടലെടുത്തതിന് പിന്നാലെ ഇന്ത്യക്കെതിരെ പാകിസ്ഥാൻ നിരവധി വ്യാജവാർത്തകളാണ് അഴിച്ചുവിടുന്നതെന്ന ആരോപണവുമായി ഇന്ത്യൻ സൈന്യം. ഇന്ത്യന്‍ സൈന്യം പള്ളികളെ ലക്ഷ്യമിട്ടെന്ന് പാക് സേന കുപ്രചരണം നടത്തിയെന്നും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ഇന്ത്യൻ സൈനിക മേധാവി കോമഡോർ രഘു ആർ. നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ മതവിശ്വാസങ്ങളോടും ഇന്ത്യക്ക് ഒരേ ആദരവാണുള്ളതെന്നും ഇന്ത്യൻ സൈന്യം ഒരു ദേവാലയത്തിനും ഒരു പോറലും വരുത്തിയിട്ടില്ലെന്നും രഘു ആർ. നായർ വിശദീകരിച്ചു.
പാകിസ്ഥാൻ ഉയർത്തുന്ന വ്യാജവാർത്തകൾ ഇന്ത്യൻ സൈനിക മേധാവിമാർ വാർത്താസമ്മേളനത്തിൽ അക്കമിട്ട് നിരത്തി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ 'എസ് 400' പാകിസ്താൻ ജെഎഫ് 17 വിമാനം കൊണ്ട് തകർത്തിട്ടില്ല. ബ്രഹ്മോസ് മിസൈലുകൾ നശിപ്പിച്ചു എന്നതും തെറ്റായ വാർത്തയാണ്. ചണ്ഡീഗഡിലേയും ബിയാസിലേയും ആയുധസംഭരണ ശാലകൾ പാക് സൈന്യം തകർത്തു എന്നതും തെറ്റായ വാർത്തയാണ്. ഇന്ത്യയുടെ എയർ ഫീൽഡ് സിർസ, ജമ്മു, പത്താൻകോട്ട്, ഭട്ടിൻഡ, നലിയ, ഭുജ് എന്നിവ നശിപ്പിച്ചു എന്നതും തെറ്റായ വാർത്തയാണെന്ന് സൈനിക മേധാവിമാർ ചൂണ്ടിക്കാട്ടി.
പകരം പാക് സൈന്യത്തിന് ഇന്ത്യ കനത്ത നാശനഷ്ടം വരുത്തിയെന്നും സൈന്യം ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ്റെ പ്രതിരോധ-പ്രതികരണ ശേഷികളെല്ലാം ഇന്ത്യൻ സൈന്യം നിർവീര്യമാക്കി.