"ഇലക്‌ടറല്‍ ബോണ്ടില്‍ പ്രത്യേക അന്വേഷണ സംഘം വേണ്ട"; ഹര്‍ജി തള്ളി സുപ്രീം കോടതി

കോണ്‍ട്രാക്റ്റുകള്‍ അനുവദിച്ചതിന് പകരമായി കോര്‍പ്പറേറ്റുകള്‍ ഇലക്‌ടറല്‍ ബോണ്ട് വാങ്ങിയെന്ന ധാരണയില്‍ വിശാലമായ അന്വേഷണം നടത്തേണ്ട ആവശ്യമില്ലായെന്നായിരുന്നു കോടതിയുടെ നിരീക്ഷണം
"ഇലക്‌ടറല്‍ ബോണ്ടില്‍ പ്രത്യേക അന്വേഷണ സംഘം വേണ്ട"; ഹര്‍ജി തള്ളി സുപ്രീം കോടതി
Published on

ഇലക്‌ടറല്‍ ബോണ്ട് സംഭാവനകളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റുകളും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നുവെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ആര്‍ട്ടിക്കിള്‍ 32 പ്രകാരം വിഷയത്തില്‍ ഇടപെടുന്നത് 'അനുചിതവും' 'അനവസരത്തിലുമാകുമെന്നായിരുന്നു' കോടതിയുടെ നിരീക്ഷണം. മൗലിക അവകാശം ലംഘിക്കപ്പെട്ടാല്‍ പരിഹാരം തേടാനായി ഭരണഘടനാപരമായി വ്യക്തികളെ സഹായിക്കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 32. കോണ്‍ട്രാക്റ്റുകള്‍ അനുവദിച്ചതിന് പകരമായി കോര്‍പ്പറേറ്റുകള്‍ ഇലക്‌ടറല്‍ ബോണ്ട് വാങ്ങിയെന്ന ധാരണയില്‍ വിശാലമായ അന്വേഷണം നടത്തേണ്ട ആവശ്യമില്ല ന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കോമണ്‍ കോസ് ആന്‍ഡ് സെന്‍റര്‍ ഫോര്‍ പബ്ലിക്ക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍ (സിപിഐഎല്‍) എന്ന എന്‍ജിഒ ആണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇലക്ടറല്‍ ബോണ്ടിന്‍റെ മറവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, കോര്‍പ്പറേറ്റുകള്‍, അന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ക്കിടയില്‍ വലിയ തോതില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ ഈ എന്‍ജിഒ നല്‍കിയിരുന്നു.

2018ലാണ് എന്‍ഡിഎ സര്‍ക്കാര്‍ ഇലക്‌ടറല്‍ ബോണ്ട് പദ്ധതി അവതരിപ്പിക്കുന്നത്. രാഷ്ട്രിയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ ഇലക്‌ടറല്‍ ബോണ്ട് വഴി സുതാര്യമാകും എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശവാദം. വ്യക്തികള്‍ക്കോ കോര്‍പ്പറേഷനുകള്‍ക്കോ എസ്ബിഐയിലൂടെ ഇലക്‌ടറല്‍ ബോണ്ട് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെ സംഭാവന നല്‍കുന്നവരുടെയും വാങ്ങുന്നവരുടെയും സ്വകാര്യത പരിപാലിക്കപ്പെടുമെന്നതായിരുന്നു പദ്ധതിയുടെ സവിശേഷത. എന്നാല്‍ ഇത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. പദ്ധതി സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നില്ല എന്നായിരുന്നു പ്രധാന ആരോപണം. പിന്നീട്, ആൽഫാ ന്യൂമറിക് കോഡുവഴി ഇലക്‌ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് വീണ്ടും വിഷയം ചര്‍ച്ചയായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇലക്‌ടറല്‍ ബോണ്ടുകള്‍ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ലോക്‌സഭ ഇലക്ഷനു മുന്‍പ് നടത്തിയ സുപ്രധാനമായ വിധിയില്‍, രാഷ്ടീയ പാര്‍ട്ടികള്‍ സ്രോതസ്സ് വെളിപ്പെടുത്താതെ സംഭാവനകള്‍ സ്വീകരിക്കുന്നത് വോട്ടര്‍മാര്‍ക്ക് സുതാര്യത ഉറപ്പുനല്‍കുന്നില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com