
പൂനെയിൽ രണ്ട് കുട്ടികളുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഓവർടേക്ക് ചെയ്യാൻ വഴി നൽകിയില്ലെന്ന് ആരോപിച്ച് കാറിലെത്തിയ വയോധികൻ മുഖത്ത് ഇടിച്ചു.ജെർലിൻ ഡിസിൽവ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. യുവതിയുടെ തലമുടിയിൽ പിടിച്ച് വലിക്കുകയും മൂക്കിൽ ഇടിക്കുകയും ചെയ്തതെന്നാണ് പരാതി, യുവതിയുടെ മൂക്കിൽ നിന്ന് രക്തം വരുകയും ചെയ്തു.
തന്റെ ഈ ദുരനുഭവം പങ്കുവെച്ചുകൊണ്ട്, ജെർലിൻ ഡിസിൽവ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. താൻ തൻ്റെ കുട്ടികളുമായി സ്‌കൂട്ടറിൽ പാഷൻ-ബാനർ ലിങ്ക് റോഡിലൂടെ പോവുകയായിരുന്നുവെന്നും, ആ സമയം ഒരു വയോധികൻ കാറിൽ തന്റെ പുറകെ വന്നുവെന്നും പറയുന്നു. താൻ സ്കൂട്ടർ ഇടത് വശത്തോട്ട് ചേർന്ന് ഓടിച്ചുവെന്നും, എന്നാൽ അയാൾ തന്റെ വണ്ടിയെ ഓവർ ടേക്ക് ചെയ്ത് കാർ നിർത്തി, പുറത്തിറങ്ങി തന്നെ അക്രമിച്ചുവെന്നും ജെർലിൻ ഡിസിൽവ പറയുന്നു.
സ്വപ്‌നിൽ കെക്രെ എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ഇവരുടെ പരാതിയിൽ പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. അടുത്തിടെ നഗരത്തിൽ 17 വയസ്സുള്ള യുവാവ് മദ്യപിച്ച് 24 വയസ്സുള്ള രണ്ട് ഐ ടി ഉദ്യോഗസ്ഥരെ തന്റെ പോർഷെ കാർ ഇടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവം നടന്നത് രണ്ട് മാസം തികയുന്നതിനിടെയാണ് ഇത്തരത്തിലൊരു അക്രമം നടക്കുന്നത്.