ഗോളുകളുമായി ത്രിമൂർത്തികൾ മിന്നി; വിജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്

ഇഞ്ചുറി ടൈം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ നോഹ സദോയിയാണ് കേരള ടീമിൻ്റെ വിജയഗോൾ നേടിയത്
ഗോളുകളുമായി ത്രിമൂർത്തികൾ മിന്നി; വിജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്
Published on


ഗോളുമായി സദോയി, പെപ്ര, ജിമിനസ് തിളങ്ങിയ മത്സരത്തിൽ ഒഡിഷ എഫ്‌സിയെ 3-2ന് വീഴ്ത്തി പുതുവർഷത്തിൽ വിജയത്തുടർച്ചയുമായി കേരള ബ്ലാസ്റ്റേഴ്സ്. 16 കളികളിൽ 20 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇഞ്ചുറി ടൈം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ നോഹ സദോയിയാണ് കേരള ടീമിൻ്റെ വിജയഗോൾ നേടിയത്. ഈ മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ചായും നോഹ തെരഞ്ഞെടുക്കപ്പെട്ടു.



ആദ്യ പകുതിയുടെ നാലാം മിനിറ്റിൽ തന്നെ ജെറിയുടെ അക്രോബാറ്റിക് ഷോട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് പിന്നിലായിരുന്നു. ആദ്യ പകുതിയിൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താൻ മഞ്ഞപ്പടയ്ക്കായില്ല. എന്നാൽ രണ്ടാം പകുതിയിൽ ജീസസ് ജിമിനസ് കൂടി ആക്രമണത്തിലേക്ക് വന്നതോടെ ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങൾക്ക് മൂർച്ചയേറി.

60ാം മിനിറ്റിൽ പെപ്രയും 73ാം മിനിറ്റിൽ ജിമിനസും സന്ദർശകരുടെ വല കുലുക്കിയതോടെ ഒഡിഷയെ പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി. എന്നാൽ ആഘോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല. 80ാം മിനറ്റിൽ ഡോറിയിലൂടെ ഒഡിഷ ഗോൾ മടക്കിയതോടെ കേരള ടീം സമനില മണത്തു. തൊട്ടു പിന്നാലെ ഒഡിഷയുടെ കാർലോസ് ഡെൽഗാഡോ ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ എതിരാളികളുടെ പോസ്റ്റിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങൾക്ക് ഇരട്ടി മൂർച്ചയേറി.

ഒടുവിൽ അധികസമയത്തിൻ്റെ ആനുകൂല്യത്തിൽ രണ്ട് മിനിറ്റ് ശേഷിക്കെ നോഹ സദോയിയുടെ ഷോട്ട് ഒഡിഷ താരത്തിൻ്റെ ദേഹത്ത് തട്ടി ഗോൾപോസ്റ്റിനകത്തേക്ക് പതിക്കുമ്പോൾ എതിർ ഗോളി നിസ്സഹായനായിരുന്നു, സ്കോർ 3-2.



ഒഡിഷയുടെ ഗോൾമുഖത്ത് 25 ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര തൊടുത്തുവിട്ടത്. ഇതിൽ ആറും ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. 15 കോർണറുകളും ബ്ലാസ്റ്റേഴ്സ് നേടിയെടുത്തു. ജനുവരി 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com