
2024 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വിക്ടര്‍ ആംബ്രോസും ഗാരി റുവ്കുനിനും പുരസ്‌കാരം പങ്കിട്ടു. മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അതിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം.
ശരീരത്തില്‍ എല്ലാ കോശങ്ങളിലും സമാനമായ ജനിതക ദ്രവ്യമാണുള്ളത്. എങ്കിലും, പേശീകോശങ്ങള്‍, സിരാകോശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത ഇനം കോശങ്ങള്‍ ശരീരത്തില്‍ രൂപപ്പെടുന്നു. അതിന്റെ കാരണം തേടിയാല്‍, നാമെത്തുക ജീന്‍ ക്രമപ്പെടുത്തല്‍ (gene regulation) എന്ന പ്രക്രിയയിലേക്കായിരിക്കും. ഓരോയിനം കോശങ്ങളിലും ആവശ്യമായ ജീനുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതാണ് ഈ ക്രമപ്പെടുത്തല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
എങ്ങനെ വ്യത്യസ്ത ഇനം കോശങ്ങള്‍ രൂപപ്പെടുന്നു എന്നറിയാന്‍ ശ്രമിച്ചവരാണ് ഇത്തവണത്തെ നൊബേല്‍ ജേതാക്കള്‍. ആ അന്വേഷണത്തിനിടെയാണ് അംബ്രോസും റുവ്കുനും 'മൈക്രോ ആര്‍എന്‍എ' (microRNA) കണ്ടുപിടിച്ചത്. ചെറു ആര്‍എന്‍എകളുടെ വിഭാഗത്തില്‍ ഒന്നാണ് മൈക്രോ ആര്‍എന്‍എ പുതിയ ആര്‍എന്‍എ വിഭാഗത്തെ കണ്ടെത്തുക മാത്രമല്ല, ജീന്‍ ക്രമപ്പെടുത്തലില്‍ അവ വഹിക്കുന്ന നിര്‍ണായക പങ്കും ഇരുവരും കണ്ടെത്തി.