
ടാറ്റ ട്രസ്റ്റിൻ്റെ പുതിയ ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. ഗ്രൂപ്പിൻ്റെ പിന്തുടർച്ച സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് മുംബൈയിൽ ചേർന്ന ട്രസ്റ്റ് ബോർഡ് യോഗമാണ് രത്തൻ ടാറ്റയുടെ അർധ സഹോദരനായ നോയലിനെ (67) തെരഞ്ഞെടുത്തത്.
നിലവിൽ ടാറ്റ സ്റ്റീലിൻ്റേയും വാച്ച് കമ്പനിയായ ടൈറ്റൻ്റേയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ. ഇവ രണ്ടും ടാറ്റ ട്രസ്റ്റിൻ്റെ കുടക്കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. 2000കളുടെ തുടക്കത്തിൽ ചേർന്നത് മുതൽ ടാറ്റ ഗ്രൂപ്പിൻ്റെ വളർച്ചയിലെ ഒരു പ്രധാന വ്യക്തിയാണ് നോയൽ ടാറ്റ. സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ഡൊറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും യോഗത്തിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചത്.
രത്തൻ ടാറ്റയുടെ രണ്ടാനമ്മയായ ഫ്രഞ്ച്-സ്വിസ് പൗരയായ സിമോൺ ടാറ്റ, നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ, ടാറ്റ ഇൻ്റർനാഷണൽ എന്നിവയുടെ ചെയർമാനാണ്. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിനു സാന്നിധ്യമുണ്ട്. 2023-24ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16,500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തു ക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.
ടാറ്റ ഗ്രൂപ്പിൻ്റെ 14 ട്രസ്റ്റുകളെയും നിയന്ത്രിക്കുന്നത് ടാറ്റ ട്രസ്റ്റ് ആണ്. ടാറ്റ സൺസിൻ്റെ ഉടമസ്ഥത പ്രധാനമായും രണ്ട് പ്രധാന ട്രസ്റ്റുകളാണ് കയ്യാളുന്നത്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയാണിവ. ഇവ മാത്രം ഉടമസ്ഥതയുടെ 50 ശതമാനത്തിലധികം ഉൾക്കൊള്ളുന്നു.
ടാറ്റ ട്രസ്റ്റിൽ നിലവിൽ വേണു ശ്രീനിവാസൻ, വിജയ് സിംഗ്, മെഹ്‌ലി മിസ്ത്രി എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി കുടുംബ ബിസിനസിൽ ഏർപ്പെട്ടിട്ടില്ല. ദക്ഷിണ മുംബൈയിലെ കൊളാബയിലെ രണ്ട് കിടപ്പുമുറി അപ്പാർട്ടുമെൻ്റിലാണ് അദ്ദേഹം താമസിക്കുന്നത്.
1937ൽ ഒരു പരമ്പരാഗത പാഴ്‌സി കുടുംബത്തിൽ ജനിച്ച രത്തൻ ടാറ്റയ്ക്ക്, 10 വയസുള്ളപ്പോൾ മാതാപിതാക്കളായ നവലും സൂനി ടാറ്റയും വിവാഹമോചിതരായിരുന്നു. ഇതേ തുടർന്ന് മുത്തശ്ശിക്കൊപ്പമാണ് അദ്ദേഹം വളർന്നത്.