
ഉത്തര കൊറിയ വീണ്ടും വലിയ ആയുധ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. കിം ജോങ് ഉൻ വിക്ഷേപണത്തറയിൽ എത്തി പരീക്ഷണത്തിനു സാക്ഷിയായി. ഉത്തരകൊറിയ സൂപ്പർ-ലാർജ് വാർഹെഡുകളും പരിഷ്കരിച്ച ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് പുതിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചത്.
ശക്തമായ പരമ്പരാഗത ആയുധങ്ങൾ കൊണ്ടുപോകുന്നതിനൊപ്പം ആണവായുധ വാഹക ശേഷിയും വേണമെന്ന കിം ജോങ് ഉന്നിൻ്റെ ആവശ്യത്തെ തുടർന്നാണ് പുതിയ പരീക്ഷണം. പുതുതായി നിർമിച്ച 'ഹ്വാസോങ്ഫോ 11 ഡി 4.5' ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചത്. ഈ ആയുധത്തിൻ്റെ പരീക്ഷണം ജൂലൈയിൽ ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു.
യുക്രെയ്നെതിരെ റഷ്യ ഉപയോഗിച്ച മിസൈലുകൾ ഉത്തര കൊറിയയിൽ നിർമിച്ചതാണെന്ന് യുക്രെയ്ൻ ആരോപിച്ചിരുന്നു. ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. ബുധനാഴ്ച്ച ഉത്തരകൊറിയ ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ദക്ഷിണകൊറിയയും ജപ്പാനും ആരോപിച്ചിരുന്നു.