
ഇൻ്റർ കൊറിയൻ റോഡുകളും റെയിൽവെ ലൈനുകളും ഉത്തരകൊറിയ തകർത്തുവെന്ന് ദക്ഷിണ കൊറിയൻ സൈന്യം. ഉത്തര- ദക്ഷിണ മേഖലകളെ ബന്ധിപ്പിക്കുന്ന ലൈനുകളും റോഡുകളും പൊട്ടിത്തെറിച്ചതായി ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് മാധ്യമങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. സ്ഫോടനത്തിൽ ദക്ഷിണ കൊറിയൻ മേഖലയിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ദക്ഷിണ കൊറിയയുമായി വിഭജിക്കുന്ന ഉത്തര കൊറിയയുടെ തലസ്ഥാനം, പിയോഗാങിൻ്റെ അതിർത്തികളെല്ലാം വിച്ഛേദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ ആക്രമണം. റോഡുകൾ തകർക്കാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ഉത്തര കൊറിയ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇരുരാജ്യങ്ങളുടെയും അതിർത്തി രേഖയുടെ അടുത്തുനിന്നാണ് വെടിയുതിർത്തതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഡ്രോൺ പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഉത്തര കൊറിയൻ പ്രധാനമന്ത്രി കിം ജോങ് ഉൻ കഴിഞ്ഞ ദിവസം സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ കൊറിയൻ അതിർത്തിയിലെ സ്ഫോടനം. ദക്ഷിണ കൊറിയയിൽ നിന്നും പ്രകോപനപരമായി എന്തെങ്കിലും നടപടികളുണ്ടാകുകയാണെങ്കിൽ ഉടനടി തിരിച്ചടിക്കുമെന്നും ഉത്തര കൊറിയ അറിയിച്ചിരുന്നു.
അതേ സമയം, ഉത്തര കൊറിയക്ക് മുന്നറിയിപ്പായി ദക്ഷിണ കൊറിയൻ സൈന്യം സൈനിക അതിർത്തി രേഖയിലേക്ക് വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.