
ദക്ഷിണ കൊറിയയുടെ കിഴക്കൻ കടലിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. ദക്ഷിണ കൊറിയ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾ നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കം.
ആക്രമണ ഭീഷണിയുയർത്തിയാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. ഉത്തരകൊറിയയുടെ തെക്കുകിഴക്കൻ പട്ടണമായ ജാംഗ്യോണിൽ നിന്ന് രാവിലെ 5.05ന് രണ്ട് മിസൈലുകള്‍ വിക്ഷേപിച്ച വിവരം ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. ഒരു മിസൈലിൻ്റെ അവശിഷ്ടം ഉള്‍നാടുകളില്‍ കണ്ടെത്തിയതായും വിക്ഷേപണത്തിനിടെ സാങ്കേതിക തകരാർ സംഭവിച്ചതാകാമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. അതേസമയം സൈന്യം നിരീക്ഷണം ഊർജിതമാക്കിയെന്നും സംയുക്ത സൈനിക മേധാവി അറിയിച്ചു. അമേരിക്കയ്ക്കും ജപ്പാനും വിവരങ്ങൾ കൈമാറുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും സംയുക്തമായി മേഖലയിൽ നടത്തിയ പുതിയ ത്രിരാഷ്ട്ര സൈനിക അഭ്യാസങ്ങൾ അവസാനിച്ച് രണ്ടു ദിവസങ്ങൾ കഴിഞ്ഞാണ് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം. ഉത്തരകൊറിയ മുന്നോട്ട് വെക്കുന്ന ആണവ ഭീഷണികളെയും, മേഖലയിൽ ചൈനക്കുള്ള സ്വാധീനം നേരിടുന്നതിനുമാണ് മൂന്ന് രാജ്യങ്ങളും സംയുക്തമായി നീങ്ങുന്നത്. എന്നാല്‍ ഭീഷണി മുഴക്കി ഈ നീക്കത്തെ എതിർക്കുകയാണ് ഉത്തരകൊറിയ. ഈ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിച്ചത്.