
യുദ്ധം തടയുന്നതിനുള്ള സ്വയം പ്രതിരോധ നടപടിയുടെ ഭാഗമായി ദക്ഷിണ കൊറിയയിലേക്കുള്ള റോഡുകളടച്ച് ഉത്തരകൊറിയ. ഇരു രാജ്യങ്ങളെയും തമ്മിൽ "പൂർണമായി വേർപെടുത്താൻ" ഉത്തര കൊറിയ ബുധനാഴ്ച മുതൽ ദക്ഷിണ കൊറിയയിലേക്കുള്ള റോഡ്, റെയിൽവേ പ്രവേശനം തുടങ്ങിയവ വിച്ഛേദിക്കുമെന്നറിയിച്ചു.
തെക്കൻ അതിർത്തി തടയുകയും സമീപ പ്രദേശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് ഉത്തരകൊറിയ വിശദീകരിച്ചു. ഉത്തരകൊറിയയിൽ നിന്ന് തെക്കോട്ട് പോകുന്ന റോഡുകളും റെയിൽപാതകളും വളരെ അപൂർവമായി മാത്രമേ ആളുകൾ ഉപയോഗിക്കാറുള്ളൂ. കഴിഞ്ഞ ഒരു വർഷമായി ഉത്തരകൊറിയൻ അധികാരികൾ ഇവയിൽ ചിലത് പൊളിച്ചുനീക്കിയിരുന്നു.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ 2023 ൻ്റെ തുടക്കത്തിൽ ദക്ഷിണ കൊറിയയുമായുള്ള പുനരേകീകരണത്തിനായി ഒരു ശ്രമവും നടത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സുപ്രീം പീപ്പിൾസ് അസംബ്ലിയുടെ യോഗം ചേർന്നതിന് പിന്നാലെയാണ് ഉത്തരകൊറിയ പുതിയ നീക്കവുമായി രംഗത്തെത്തിയത്. എന്നാൽ പുതിയ നീക്കം യോഗത്തിൻ്റെ തീരുമാനത്തിൻ്റെ ഭാഗമാണോയെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.