
ദക്ഷിണ കൊറിയയെ ആണവായുധം കൊണ്ട് തകർക്കുമെന്ന മുന്നറിയിപ്പുമായി കിം ജോങ് ഉൻ. പ്രകോപനമുണ്ടായാൽ ആണവായുധങ്ങൾ ഉപയോഗിച്ച് ദക്ഷിണ കൊറിയയെ നശിപ്പിക്കുമെന്നാണ് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിൻ്റെ ഭീഷണി. എന്നാൽ, ഉത്തര കൊറിയ ആണവായുധം ഉപയോഗിച്ചാൽ തകരുന്നത് കിം ജോങ് ഭരണകൂടമായിരിക്കുമെന്ന് ദക്ഷിണ കൊറിയയും മറുപടി നൽകി. ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ മറുപടിക്ക് പിന്നാലെയാണ് കിം ഭീഷണി ആവർത്തിച്ചത്.
അതേസമയം, ഉത്തര കൊറിയയെ നേരിടാൻ പുതിയ ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിച്ച് പ്രതിരോധത്തിനു തയ്യാറെടുക്കുകയാണ് ദക്ഷിണ കൊറിയ. ഉത്തര കൊറിയൻ ഭീഷണികളെ പ്രതിരോധിക്കാൻ നിർമിച്ച ബാലിസ്റ്റിക് മിസൈലടക്കമുള്ള ആയുധങ്ങൾ, ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. യൂൻ സുക് യോളിനെ പാവയെന്ന് വിശേഷിപ്പിച്ച കിം, ആണവായുധം കൈവശമുള്ള ഒരു രാജ്യത്തിൻ്റെ വാതിൽപ്പടിയിൽ വന്ന് സൈനിക ശക്തിയെക്കുറിച്ച് യൂൻ സുക് വീമ്പിളക്കുകയാണെന്നും പരിഹസിച്ചു.
ഉത്തര കൊറിയയുടെ പാർലമെൻ്റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഇരു രാജ്യങ്ങളുടേയും വെല്ലുവിളി. ഇരു രാജ്യങ്ങളുടെയും പുനരേകീകരണ സാധ്യതകൾ ഉൾക്കൊള്ളുന്ന സന്ധി കരാർ അസാധുവാക്കാനും ദക്ഷിണ കൊറിയ നീക്കം തുടങ്ങിക്കഴിഞ്ഞു.