
കൊച്ചി കോർപ്പറേഷന്റെ മൊബൈൽ ഭക്ഷ്യ സുരക്ഷാ ലാബിന്റെ പ്രവർത്തനം അനശ്ചിതത്വത്തിലെന്ന് പരാതി. മതിയായ ജീവനക്കാരില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സി എസ് ആർ ഫണ്ട് വഴി 41 ലക്ഷം ചെലവിട്ട് നിർമിച്ച മൊബൈൽ ലാബാണ് ആറു മാസമായി തുരുമ്പെടുത്ത് നശിക്കുന്നത്. അതേസമയം ലാബ് ടെക്‌നീഷ്യനെ നൽകാമെന്ന് ഉറപ്പ് നൽകിയ എൻജിഒയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം വൈകുന്നതാണ് കാലതാമസത്തിനു കാരണമെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.
ഈ വർഷം ജനുവരി മൂന്നിനായിരുന്നു മൊബൈൽ ഭക്ഷ്യ സുരക്ഷാ ലാബ് മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്തത്. സംസ്ഥാന ഭക്ഷ്യ വകുപ്പും കൊച്ചി കോർപ്പറേഷനും സംയുക്തമായാണ് മൊബൈൽ ലാബ് അവതരിപ്പിച്ചത്. ഐസിഐസിഐ ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് 41 ലക്ഷം രൂപ ചെലവിട്ടാണ് ലാബ് തയാറാക്കിയത്. പാചകം ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഭക്ഷ്യവസ്തുക്കളും ലാബിൽ പരിശോധിക്കാൻ കഴിയുമായിരുന്നു. കൂടാതെ സർക്കാർ നിശ്ചയിക്കുന്ന ഫീസ് അടച്ചാൽ സ്വകാര്യവ്യക്തികൾക്കും വെള്ളം, പാൽ എന്നിവയുടെ ഗുണമേന്മ ലാബിൽ പരിശോധിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.
ആഴ്ചയിൽ ഒരിക്കൽ മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്ക് ആവശ്യമായ ജീവനക്കാരെ കോർപ്പറേഷൻ നിയമിക്കുമെന്ന് മേയറും, ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്ന് സാങ്കേതിക സഹായം ലഭ്യമാക്കുമെന്ന് മന്ത്രിയും ഉദഘാടന വേളയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആറു മാസങ്ങൾക്കിപ്പുറവും ലാബിൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ലാബിലേക്കുള്ള ടെക്‌നീഷ്യനെ ഇതുവരെ നിയമിച്ചിട്ടില്ലെന്നാണ് കോർപ്പറേഷൻ വിശദീകരിക്കുന്നത്.
സി ഹെഡ് എന്ന എൻജിഒ, ബയോ കെമിസ്ട്രി അല്ലെങ്കിൽ ഫുഡ് പ്രോസസ്സിംഗ് ടെക്നോളജി വിഷയങ്ങളിൽ യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യനെ നൽകാമെന്ന് കോർപ്പറേഷനെ അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോഴും ഉണ്ടായിട്ടില്ല. അടുത്ത കൗൺസിൽ യോഗത്തിൽ ഇക്കാര്യം അജണ്ടയാക്കി ചർച്ച ചെയ്യാനാണ് നീക്കം. അതേസമയം, സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നില്ലെങ്കിലും പരിശോധനയുമായി ബന്ധപ്പെട്ട സ്‌ക്വാഡ് വാഹനമായി മൊബൈൽ ലാബ് പോകാറുണ്ടെന്നാണ് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ അറിയിച്ചത്.