
ഗോത്ര വിഭാഗത്തിൽപ്പെട്ട ആദ്യ ട്രാൻസ് വുമൺ അധ്യാപിക പ്രകൃതി ജോലി തേടി കോടതിയിലേക്ക്. വയനാട് തേർവയൽ ഉന്നതിയിൽ നിന്ന് ജീവിത പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിദ്യാഭ്യാസം നേടിയിട്ടും അർഹമായ തസ്തികകളിൽ താത്കാലിക ജോലി പോലും ലഭിച്ചില്ലെന്നാണ് പ്രകൃതിയുടെ പരാതി. നിരവധി തവണ പട്ടികവർഗ്ഗ വകുപ്പിന് അപേക്ഷകൾ നൽകിയിട്ടും നടപടിയുണ്ടായില്ല. അർഹതപ്പെട്ട ജോലി ലഭിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രകൃതി ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ്.
സംസ്ഥാനത്തെ ആദ്യത്തെ ഗോത്ര വിഭാഗത്തിൽപ്പെട്ട ട്രാൻസ് വുമണായ വയനാട് നൂൽപ്പുഴ തേർവയൽ പണിയ ഉന്നതിയിലെ എൻ. വി പ്രകൃതിയാണ് ജോലിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ആറ് വർഷം മുൻപ് അധ്യാപക പരിശീലനം പൂർത്തിയാക്കിയ പ്രകൃതിക്ക് ഇതുവരെ സ്ഥിരം ജോലി ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൽ പട്ടികവർഗ്ഗ വിഭാഗത്തിന് വേണ്ടി മാത്രം സംവരണം ചെയ്തിട്ടുള്ള സ്ഥിരം തസ്തികകളും കരാർ ജോലികളും നിരവധി ഉള്ളപ്പോഴും പണിയ വിഭാഗത്തിൽപ്പെട്ട ട്രാൻസ് വുമണായ പ്രകൃതിക്ക് ഇത് ലഭിക്കുന്നില്ലെന്നാണ് ആരോപണം.
പട്ടികവർഗ്ഗ വിഭാഗത്തിൻ്റെ തൊഴിൽ സംവരണത്തിൽ പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങൾ പുറന്തള്ളപ്പെടുന്നു എന്ന പരാതി വ്യാപകമാണ്. ഇവർക്കായി നടത്തുന്ന സ്പെഷ്യൽ റിക്രൂട്ട്മെൻ്റിൽ പോലും സാമ്പത്തികമായും സാമൂഹ്യപരമായും മുന്നാക്കം നിൽക്കുന്ന ഗോത്രവിഭാഗങ്ങൾക്ക് മാത്രം ജോലി ലഭിക്കുന്നതായി വിവിധ ആദിവാസി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് തൊഴിലിനു വേണ്ടി പ്രകൃതി ഹൈക്കോടതിയെ സമീപിക്കുന്നത്.
പ്രകൃതി തന്നെ തൻ്റെ കവിതയിൽ എഴുതിയത് പോലെ,
"ചിതൽ തിന്നു മുമ്പേ ആ കീറി മുറിച്ച മണ്ണിൻ്റെ പാതിയെങ്കിലും എനിക്കും കാല് കുഴിച്ചിടാൻ വേണം"
അതിജീവനത്തിന് അർഹതയുള്ള വഴി മാത്രമാണ് അതിന് യോഗ്യതയുള്ള പ്രകൃതി ചോദിക്കുന്നത്.