പ്രസംഗത്തിലില്ല, ബജറ്റിലുണ്ട്; യുപിഎ കാലത്തും ഇങ്ങനെ തന്നെ; പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി നിർമ്മല സീതാരാമന്‍

ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണ് ബജറ്റ് പ്രസംഗത്തില്‍ പരിഗണിച്ചിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
Published on
Updated on

കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണ് ബജറ്റ് പ്രസംഗത്തില്‍ പരിഗണിച്ചിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബജറ്റില്‍ പ്രത്യേകം പരിഗണിക്കുകയും മറ്റുള്ള സംസ്ഥാനങ്ങളെ അവഗണിച്ചുവെന്നുമായിരുന്നു പ്രതിപക്ഷ കക്ഷികളുടെ വാദം. ബജറ്റ് പ്രസംഗം കേവലം ഹൈലൈറ്റുകള്‍ മാത്രമാണെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ വിഹിതം ലഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇതിനോട് യോജിച്ചില്ല. ഇതിനെ തുടര്‍ന്നാണ് യുപിഎ കാലത്തെ ബജറ്റ് പ്രസംഗങ്ങളെയും ബജറ്റിന്‍റെ ഉള്ളടക്കത്തെയും മുന്‍നിര്‍ത്തി നിര്‍മ്മല സീതാരാമന്‍ സഭയില്‍ സംസാരിച്ചത്.

"2004-05 മുതലുള്ള ബജറ്റുകള്‍ ഞാന്‍ എടുത്തു നോക്കി. 2004-05 ബജറ്റ് പ്രസംഗത്തില്‍ 17 സംസ്ഥാനങ്ങളുടെ പേര് പരാമര്‍ശിച്ചിട്ടില്ല. 2006-07 കാലത്ത് 16 സംസ്ഥാനങ്ങളുടെ പേരില്ല. 2009ല്‍ യുപിയും ബിഹാറും അടക്കം 26 സംസ്ഥാനങ്ങളുടെ പേരുണ്ടായിരുന്നില്ല. യുപിഎ സര്‍ക്കാര്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയില്ലേയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്" ബജറ്റ് ചര്‍ച്ചയില്‍ നിര്‍മ്മല സീതാരാമന്‍ പ്രതിപക്ഷത്തോട് ചോദിച്ചു.

ഒരു സംസ്ഥാനത്തെ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ലായെന്നതിന്‍റെ അര്‍ഥം ആ സംസ്ഥാനത്തിനു പണം ലഭിക്കില്ല എന്നല്ലെന്ന് സഭയിലെ അംഗങ്ങള്‍ക്ക് അറിയാവുന്നതാണെന്നും ധനകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരോ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് ബിജെപി മന്ത്രിമാര്‍ ആ സംസ്ഥാനത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതത്തെപ്പറ്റി വ്യക്തമായി സംസാരിക്കുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിചേര്‍ത്തു.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബജറ്റിനെ മുന്‍നിര്‍ത്തി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജാതി സെന്‍സസ്, ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിങ്ങനെ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്ന മേഖലകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com