
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പത്തനംതിട്ടയിലെ പാർട്ടി മാത്രമല്ല, കണ്ണൂരിലെ പാർട്ടിയും ഞങ്ങളും എഡിഎമ്മിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. കേസും മറ്റ് കാര്യങ്ങളും നിയമത്തിൻ്റെ വഴിയിൽ പോകുമെന്നും കെ.എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡൻ്റ് പി.പി ദിവ്യ രാജി വെച്ചത് പാർട്ടി നടപടിയുടെ ഭാഗമായാണ്. വിഷയം പാർട്ടി ഗൗരവത്തോടെ കാണുന്നു. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാപൂർവമേ ഇടപെടാൻ പാടുള്ളു. നേതാക്കന്മാരും പ്രവർത്തകരും ശ്രദ്ധിക്കണം. നമ്മുടെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ആർക്കും വിഷമം ഉണ്ടാകാൻ പാടില്ല. ദിവ്യ പ്രധാനപ്പെട്ട നേതാവാണ്. എന്നാൽ സംസാരിച്ചത് ശരിയായായില്ല. നവീന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടിയെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
അതേസമയം, എഡിഎമ്മിന് കൈക്കൂലി നൽകിയെന്നു പറയുന്ന ഒക്ടോബർ ആറാം തീയതിയിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമാണെന്ന് നവീൻ ബാബുവിൻ്റെ കുടുംബം ആരോപിച്ചു. നവീൻ ബാബുവിൻ്റെ പിന്നാലെ സഞ്ചരിച്ച് മനഃപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണ്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻ്റെ മകൻ ഗിരീഷ് കുമാർ ആരോപിച്ചു. പരാതിക്കാരനും ചേട്ടനും കണ്ടുമുട്ടിയെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള മൊഴിയെടുപ്പ് തുടരുകയാണ്. കളക്ടറുടെ ചേമ്പറിലേക്ക് വിളിച്ചു വരുത്തിയാണ് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീത മൊഴിയെടുക്കുന്നത്. പെട്രോൾ പമ്പിൻ്റെ അനുമതിക്കായി എൻഒസി നൽകിയതുമായി ബന്ധപ്പെട്ട രേഖകളും വിളിപ്പിച്ചു.