
ജെ.ഡി.എസ് കേരള ഘടകം പുതിയ പാര്‍ട്ടിയാകുമെന്ന് പ്രഖ്യാപിച്ച് മാത്യു ടി. തോമസ്. ബിജെപിയെ പിന്തുണയ്ക്കുന്നവരോടൊപ്പം തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് പുതിയ തീരുമാനം. പാര്‍ട്ടി രൂപീകരണത്തിന്റെ ഭാഗമായി ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചതായും ഇടതു പക്ഷത്തിനൊപ്പം നില്‍ക്കുമെന്നും മാത്യു ടി തോമസ് അറിയിച്ചു.
ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്‍തിരിഞ്ഞാല്‍ ദേശീയ നേത്യത്വത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിജെപിയെ പിന്തുണയ്ക്കുന്ന ദേശീയ നേതൃത്വത്തിന്റെ സമീപനത്തിനെതിരെ ഇടതു മുന്നണിയില്‍ നിന്നും കടുത്ത സമ്മര്‍ദം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം അറിയിച്ചത്.
പാര്‍ട്ടി നേതാവ് എച്ച് ഡി കുമാര സ്വാമി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭാഗമായതോടെയാണ് പ്രശ്‌നങ്ങള്‍ രൂപപ്പെട്ടത്. കേരളത്തില്‍ ഇടതു പക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന പാര്‍ട്ടി ദേശീയ നേതൃത്വത്തോട് തെറ്റി പിരിയാന്‍ ഇത് കാരണമായി.
ഒരേ സമയം രണ്ട് പാര്‍ട്ടികള്‍ക്കും പിന്തുണ നല്‍കുന്നതിന്റെ പേരില്‍ നേതൃത്വം കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ജെഡിഎസ് കേന്ദ്രത്തില്‍ ബിജെപിക്കൊപ്പവും കേരളത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പവും നില്‍ക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.