ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും ചോദ്യം ചെയ്യും

നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പ്രതി മൊഴി നൽകിയിരുന്നു
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും ചോദ്യം ചെയ്യും
Published on

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ അന്വേഷണം സിനിമാ താരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും ചോദ്യം ചെയ്യും. പ്രതിയായ തസ്ലീമയുടെ സിനിമാ മേഖലയിലെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിക്കും ഇതിനായി ഇവരുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പല വാട്സ്ആപ്പ് ചാറ്റുകളും നീക്കം ചെയ്ത നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.


ലഹരി ഇടപാടുകൾ നടക്കുന്നത് വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ്. എറണാകുളത്തു നിന്നാണ് ലഹരിക്കടത്തിനായി കാർ വാടകയ്ക്ക് എടുത്തത്. റിമാൻഡിൽ ആയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാകും സിനിമാതാരങ്ങൾക്ക്‌ അടക്കം നോട്ടീസ് നൽകുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രണ്ടു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താന, ഫിറോസ് എന്നിവരെ ഇന്നലെയാണ് എക്സൈസ് സംഘം പിടികൂടുന്നത്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖർക്ക് വേണ്ടിയാണെന്ന് ഇവർ മൊഴി നൽകിയിരുന്നു. കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് താരങ്ങളുടെ ബന്ധം വെളിപ്പെടുത്തിയത്.

നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകിയിരുന്നു. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസിന് തസ്ലീമ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. അത് ലഹരികൈമാറ്റവുമായി ബന്ധമുണ്ടോ എന്ന തരത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എക്സൈസ് അറിയിച്ചു.


കഴിഞ്ഞ ദിവസം ഇവരിൽ നിന്നും പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് തായ്ലൻഡിൽ നിന്നും എത്തിച്ച് അത് ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ ഇടങ്ങളിലേക്ക് വിതരണം നടത്താനായിരുന്നു പദ്ധതി. ഇവരുടെ ലഹരിക്കൈമാറ്റ രീതിയെ കുറിച്ചും എക്സൈസ് പറഞ്ഞിരുന്നു. ആവശ്യക്കാർ ഇവർക്ക് പണം നിക്ഷേപിക്കുകയും, അതിന് ശേഷം ലഹരിവസ്തുക്കൾ ഓരോ സ്ഥലങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാരൻ്റെ മൊബൈലിലേക്ക് ഇതിൻ്റെ ഫോട്ടോ ഇട്ടുകൊടുക്കുയാണ് ചെയ്യുന്നത്. തുടർന്ന് ഇവർ വന്ന് ലഹരിവസ്തുക്കൾ ശേഖരിച്ച് കൊണ്ടുപോകുന്നതാണ് രീതിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.


നാർക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. എറണാകുളത്തു നിന്നും കാറിലെത്തിയ സംഘം ആലപ്പുഴ ബീച്ചിന് സമീപമുള്ള സ്വകാര്യ ഹോംസ്റ്റേയിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന ക്രിസ്റ്റീന എന്ന് വിളിക്കുന്ന ചെന്നൈ സ്വദേശിനി തസ്ലീമ സുൽത്താനയേയും ഫിറോസ് എന്ന മണ്ണഞ്ചേരി സ്വദേശിയേയും സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com