കൊച്ചി ഇന്‍ഫോപാര്‍ക്കിൽ ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍ തുറന്ന് എന്‍ഒവി

ലുലു സൈബര്‍ ടവര്‍ 2-ല്‍ 17,000 ചതുരശ്രയടി വിസ്തൃതിയില്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു
കൊച്ചി ഇന്‍ഫോപാര്‍ക്കിൽ ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍ തുറന്ന് എന്‍ഒവി
Published on



കൊച്ചി ഇന്‍ഫോപാര്‍ക്കിൽ നവീന ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍ (ഡിടിസി) തുറന്ന് യുഎസ് ബഹുരാഷ്ട്ര കമ്പനിയായ എന്‍ഒവി. ലുലു സൈബര്‍ ടവര്‍ 2-ല്‍ 17,000 ചതുരശ്രയടി വിസ്തൃതിയില്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു. സോഫ്ട്‌വെയർ എന്‍ജിനീയറിങ് സെന്റര്‍, കോര്‍പറേറ്റ് ഡിജിറ്റല്‍ സര്‍വീസസ്, കസ്റ്റര്‍മര്‍ സപ്പോര്‍ട്ട് സെന്റര്‍ എന്നിവയും ഇതിൻ്റെ ഭാഗമാകും.

ആഗോള ഊര്‍ജ മേഖലയില്‍ 150-ലേറെ വര്‍ഷത്തെ ചരിത്രമുള്ള യുഎസ് ബഹുരാഷ്ട്ര കമ്പനിയാണ് എന്‍ഒവി. ആഗോളതലത്തില്‍ 34,000 ജീവനക്കാരുള്ള എന്‍ഒവിക്ക് ഇന്ത്യയില്‍ നിലവില്‍ പുണെയിലും ചെന്നൈയിലും നിര്‍മാണശാലകളുണ്ട്. രാജ്യത്ത് എന്‍ഒവിയുടെ ആദ്യത്തെ ഡിജിറ്റല്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്ററാണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിലവില്‍ 70 ജീവനക്കാരുള്ള എന്‍ഒവി അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കും.


വ്യവസായനിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതാണെന്നും കേരളത്തിന്റെ വ്യവസായ നയം പരിസ്ഥിതി, ജനങ്ങള്‍, വ്യവസായം എന്നീ നിലയിലായതിനാല്‍ പാരിസ്ഥിതികപരിഗണന മുന്‍നിര്‍ത്തി തന്നെ കൂടുതല്‍ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് എന്‍ഒവി ഡിജിറ്റല്‍ ടെക്‌നോളജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍, കണക്ടിവിറ്റി, മികച്ച സാങ്കേതിക പ്രതിഭകളുടെ ലഭ്യത തുടങ്ങിയവയാണ് ലോകത്തിന് മുന്നില്‍ കൊച്ചിയെ ഒരു പ്രിയപ്പെട്ട ഐ.ടി ഡെസ്റ്റിനേഷനാക്കി മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ശക്തമായൊരു അടിത്തറ തയ്യാറാക്കിക്കൊണ്ട് ആഗോളതലത്തിലുള്ള വളര്‍ച്ച ശക്തിപ്പെടുത്താനാണ് എന്‍ഒവി ലക്ഷ്യമിടുന്നത്. സേവന മികവ്, നവീനത, ആഗോളതലത്തിലുള്ള വളര്‍ച്ച എന്നിവയാണ് എന്‍ഒവിയുടെ പ്രഖ്യാപിത മൂല്യങ്ങള്‍. തൊഴിലിടത്തിലും ഇതേ മൂല്യങ്ങളാണ് കമ്പനി പിന്തുടരുന്നത്," എന്‍ഒവി പ്രൊഡക്ട് ഐടി വൈസ് പ്രസിഡന്റ് സ്റ്റാലെ ജോര്‍ദന്‍ പറഞ്ഞു. കൂടാതെ വിദേശ കമ്പനികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഇന്‍ഫോപാര്‍ക്കിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിക്ഷേപസൗഹൃദാന്തരീക്ഷം ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് എന്‍ഒവിയെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എന്‍ഒവി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അലക്‌സ് ജെ ഫിലിപ്പ്‌സ്, എൻഒവി ഡിജിറ്റൽ ടെക്‌നോളജീസ് ഡയറക്ടർ ആനന്ദ് നാരായണസ്വാമി, ഡയറക്ടര്‍ ഓഫ് ബിസിനസ് ഡവലപ്‌മെന്റ് ജെയിംസ് ലാസര്‍, ഡയറക്ടര്‍ ഓഫ് കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് എംഡിടി ഗാരി ഹിക്കിന്‍സ്, എസ്.വി.പി സോഫ്ട്‌വെയർ എഞ്ചിനീയറിംഗ് ഹാന്‍സ് റോണി കെംപജന്‍, എൻഒവി പ്രസിഡന്റ് രെഞ്ചു ജോസ് കുരുവിള, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ എന്നിവരും സന്നിഹിതരായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com